സബ് കലക്ടര്‍ക്ക് അധിക്ഷേപം: എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന വിധത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

Update: 2019-02-11 11:12 GMT

തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന വിധത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊതുസമൂഹത്തില്‍ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ എംഎല്‍എ സംസാരിച്ചുവെന്ന് വ്യക്തമായതിനാലാണ് കേസെടുത്തതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ എസ് രാജേന്ദ്രനില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാവും കേസ് ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോവണമെന്ന് തീരുമാനിക്കും. അതേസമയം, പാര്‍ട്ടിയും സര്‍ക്കാരും കൈവിട്ടതോടെ എംഎല്‍എ ക്ഷമാപണം നടത്തിയിരുന്നു. താന്‍ സബ്കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള്‍ എന്നത് മോശം മലയാളം വാക്കല്ലെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം.

    അതിനിടെ, മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കലക്ടര്‍ രേണു രാജ് എജിക്ക് കൈമാറി. റിപോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും എജി പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. റിപോര്‍ട്ടില്‍ നിര്‍മാണം തടയാനെത്തിയപ്പോള്‍ എംഎല്‍എ തടഞ്ഞെന്നും മറ്റും പറയുന്നുണ്ടെങ്കിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പരാമര്‍ശിക്കുന്നില്ല. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്.




Tags:    

Similar News