എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തിയ്യതി മാറ്റല്‍; ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

Update: 2021-03-11 09:42 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തിയ്യതികള്‍ മാറ്റുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ജോലികളും പരീക്ഷാജോലികളും താളം തെറ്റുമെന്നാണ് ആശങ്ക. നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് എട്ടിനാണ് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും തിരഞ്ഞെടുപ്പ് ജോലിയും ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ അപേക്ഷ. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ പരീക്ഷ ഏപ്രില്‍ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് തീരുമാനം വന്നിട്ടില്ല. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിങ് ബൂത്തുകള്‍ അധികാമായി കമ്മീഷന്‍ ക്രമീകരിക്കുന്നുണ്ട്. അതിനാല്‍, പതിവില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തിയ്യതി മാറ്റമെന്ന് അധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം നീളുന്ന സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ 17 മുതല്‍തന്നെ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളിലാണ് വിദ്യാഭ്യാസവകുപ്പ്.

Tags:    

Similar News