കര്‍ഷകവായ്പ: മൊറട്ടോറിയം കാലാവധി ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി നല്‍കുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-03-05 06:04 GMT

തിരുവനന്തപുരം: വിവിധ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈവര്‍ഷം ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കടാശ്വാസ പരിധി ഒരുലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി ഉയര്‍ത്തി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കാര്‍ഷിക വായ്പക്ക് മാത്രമല്ല, കര്‍ഷകരെടുത്ത എല്ലാ വായ്പക്കും മൊറട്ടോറിയം പരിധി ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം കിട്ടുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാക്കി മാറ്റി. ഇടുക്കി, വയനാട് ജില്ലകളില്‍ ഇത് 2018 ആഗസ്ത് 31 വരെയാക്കി.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി നല്‍കുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും. വിള നാശത്തിന്റെ ധനസഹായ നിലവിലുള്ളതിന്റെ ഇരട്ടിയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 85 കോടി ഉടനെ അനുവദിക്കും. 54 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. കാര്‍ഷിക കടങ്ങള്‍ക്ക് വായ്പാ ഇളവ് അടക്കമുള്ള നടപടികള്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന് മുല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News