തദ്ദേശഭരണ വാർഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ല. സർക്കാർ തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. സെൻസസിൽനിന്ന് രണ്ടു ചോദ്യങ്ങൾ സംസ്ഥാനം ഒഴിവാക്കും.
തിരുവനന്തപുരം: തദ്ദേശഭരണ വാർഡ് വിഭജന ബില്ലിന്റെ കരടിന് ഇന്നുചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച് പാസ്സാക്കും. വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബിൽ കൊണ്ടുവന്നത്.
ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. സെൻസസ് ഡയറക്ടറെ സർക്കാർ തീരുമാനം അറിയിക്കും. സെൻസസിൽനിന്ന് രണ്ടു ചോദ്യങ്ങൾ സംസ്ഥാനം ഒഴിവാക്കും. ജനനതീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിവയാണ് ഒഴിവാക്കുക.
സെൻസസ് പട്ടികയിലെ ഈ ചോദ്യങ്ങൾ അനാവശ്യമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. നിയമസഭാ സമ്മേളനം ഈ മാസം 30 മുതൽ തുടങ്ങാൻ ഗവർണറോട് ശിപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതിനിടെ ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള ശുപാർശ നൽകാനും പൗരത്വ ഭേദഗതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചതിൽ വിശദീകരണം നൽകാനുമാണ് കൂടിക്കാഴ്ച.