വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ്ങ് 2022 ഓടെ പൂര്‍ത്തീകരിക്കും: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 98 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തിയാക്കി. കാണാതായ നിരവധി വഖഫ് സ്വത്തുക്കള്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെയും ജിയോ മാപ്പിങ്ങിലൂടെടെയും വഖഫ് രേഖകളുടെ ഭാഗമാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു

Update: 2019-11-08 10:52 GMT

കൊച്ചി: രാജ്യത്തെ ആറ് ലക്ഷത്തിലധികം വരുന്ന രജിസ്റ്റേര്‍ഡ് വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ്ങ് 2022 ഓടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ദക്ഷിണേന്ത്യന്‍ മുതവല്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 98 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തിയാക്കി. കാണാതായ നിരവധി വഖഫ് സ്വത്തുക്കള്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെയും ജിയോ മാപ്പിങ്ങിലൂടെടെയും വഖഫ് രേഖകളുടെ ഭാഗമാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.വഖഫ് സ്വത്തുക്കളില്‍ സ്‌കൂളുകള്‍, കോളജുകള്‍, ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, ആശുപത്രികള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ജന്‍വികാസ് പദ്ധതിക്ക് കീഴില്‍ 100 ശതമാനം ഫണ്ടിങ്ങ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2020 ഓടു കൂടി പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടി 18 ലക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കി. ഇതില്‍ 50 ശതമാനവും പെണ്‍കുട്ടികളായിരുന്നു. വരും വര്‍ഷങ്ങളില്‍ അഞ്ച് കോടി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് ആനുകൂല്യം നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ് എ എസ് നഖ്‌വി, കൗണ്‍സില്‍ അംഗം അഡ്വ. ടി ഒ നൗഷാദ്, സംസ്ഥാന ഹജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സംസ്ഥാന വഖഫ് ബോര്‍ഡ് സിഇഒ ബി എം ജമാല്‍ സംസാരിച്ചു.

കേന്ദ്ര വഖഫ് കൗണ്‍സില്‍ യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുത്തു.ഏത് സാഹചര്യത്തിലും രാജ്യത്തെ മത സൗഹാര്‍ദ്ദവും, ഐക്യവും, സമാധാനവും കാത്തു സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് സാധിക്കില്ല. നാനാത്വത്തില്‍ ഏകത്വം നമ്മുടെ രാഷ്ട്ര ധര്‍മ്മമാണെന്നും അത് ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രത്തോടുള്ള നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന്റെ വാഹനം മുന്നോട്ട് കൊണ്ട് പോകാന്‍ സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും പാത അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News