ദക്ഷിണാഫ്രിക്കന്‍ വകഭേദം 'ഒമിക്രോണ്‍': കേരളവും ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

Update: 2021-11-27 06:18 GMT

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തില്‍നിന്നു ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം.

നിലവിലുള്ളതുപോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണം. പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. നിലവിലെ വാക്‌സിനുകള്‍ അതിജീവിക്കാനുള്ള കഴിവ് പുതിയ വൈറസ് വകഭേദത്തിനുണ്ടോ എന്നാണ് പഠിക്കുന്നത്. ജനങ്ങള്‍ എല്ലാവരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. അതേസമയം, പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലില്‍ കര്‍ശന ജാഗ്രത വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 (ഒമിക്രോണ്‍) വകഭേദം മുമ്പ് കണ്ടെത്തിയ ഡെല്‍റ്റ വൈറസിനേക്കാള്‍ വിനാശകാരിയാണെന്നാണു കരുതുന്നത്.

യഥാര്‍ഥ കൊറോണ വൈറസില്‍നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്കു വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ഹോങ്കോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍, യുഎഇ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്.

Tags:    

Similar News