ഓലപാമ്പ് കണ്ട് ഭയപ്പെടില്ല; സര്‍ക്കാരിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍

പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അഡീഷനല്‍ ജില്ലാ കോടതി (3) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Update: 2019-03-08 01:44 GMT

കുന്നംകുളം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും പൊതു വേദികളില്‍ പരസ്യമായി സര്‍ക്കാരിനേയും പോലിസിനേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ബിജെപി മധ്യമേഖല പരിവര്‍ത്തന ജാഥക്ക് കുന്നംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് ശോഭ സര്‍ക്കാരിനെ വെല്ലുവിളിച്ചത്. കേസില്‍ ജാമ്യമെടുക്കാതെ പൊതുവേദിയില്‍ എത്തിയിട്ടും പോലിസ് നോക്കുകുത്തിയായി. ശബരിമല സമരത്തിന്റെ പേരിലാണ് സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതെന്നായിരുന്നു ശോഭയുടെ പ്രസംഗം. ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച താനുള്‍പടേ ഉള്ളവരെ പിടികിട്ടാപുള്ളിയാക്കുകയും, കേസെടുത്ത് ഭയപെടുത്താന്‍ ശ്രമിക്കുകയുമാണെന്ന് ശോഭ പറഞ്ഞു. അങ്ങിനെ വീട്ടില്‍ ഒളിച്ചിരിക്കുന്നവരല്ല സംഘപ്രവര്‍ത്തകരെന്നും, ഈ ഓലപാമ്പ് കണ്ട് ഭയപെടുകയില്ലെന്നും അവര്‍ പറഞ്ഞു.

പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അഡീഷനല്‍ ജില്ലാ കോടതി (3) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്ക് നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. രണ്ടു പേരൊഴികെ മറ്റുള്ളവര്‍ ജാമ്യം നേടി. ഇനിയും കോടതിയില്‍ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.

2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്‌ക്കെതിരേ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരേയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.




Tags:    

Similar News