ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആറംഗ സംഘം അറസ്റ്റില്‍; പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും

സംഘത്തിലെ പ്രധാനിയായ സജീവന്‍ പണം തട്ടിയെടുത്ത കേസില്‍ മുമ്പും പിടിയിലായിരുന്നു.ലനീഷ് കൂത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ കൊലക്കേസിലെ പ്രതിയാണ്. കുഴല്‍പ്പണ ഇടപാട് പതിനൊന്ന് കൊല്ലം നടത്തിയ ആളാണ് വില്ല്യാപ്പള്ളിയിലെ റഷീദ്.

Update: 2019-05-10 12:32 GMT

വടകര: ഹവാല പണമിടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ആറംഗ സംഘം വടകരയില്‍ അറസ്റ്റിലായി. കൊല കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ ഇവരെ സിനിമ സ്‌റ്റൈലില്‍ വാഹനത്തില്‍ പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്.

ഹവാല പണമിടപാടുകാരെ പിന്തുടര്‍ന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘമാണ് വടകര പൊലിസിന്റെ വലയിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഹവാല പണിമിടപാടുകാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സംഘമാണിത്.

തലശ്ശേരി ധര്‍മ്മടം സ്വദേശി സജീവന്‍, പാലയാട് സ്വദേശി ലനീഷ്, ധര്‍മ്മടം സ്വദേശി ഷിജിന്‍, ചക്കരക്കല്ലിലെ അശ്വന്ത്, പാലയാട് സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായ സംഘത്തിലെ കണ്ണികള്‍. ഇവര്‍ക്ക് കുഴല്‍പണക്കാരെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്ന വില്ലപ്പള്ളിയിലെ റഷീദാണ് മറ്റൊരു പ്രതി .

സംഘത്തിലെ പ്രധാനിയായ സജീവന്‍ പണം തട്ടിയെടുത്ത കേസില്‍ മുമ്പും പിടിയിലായിരുന്നു.ലനീഷ് കൂത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ കൊലക്കേസിലെ പ്രതിയാണ്. കുഴല്‍പ്പണ ഇടപാട് പതിനൊന്ന് കൊല്ലം നടത്തിയ ആളാണ് വില്ല്യാപ്പള്ളിയിലെ റഷീദ്. മറ്റു പ്രതികളുടെ പേരില്‍ നിരവധി കേസുകള്‍ വേറെയുമുണ്ട്. കുഴല്‍പണക്കാരെ ലക്ഷ്യമാക്കി കണ്ണൂര്‍ ജില്ലയില്‍ നിന്ന് സംഘമെത്തിയ വിവരം അറിഞ്ഞ് പൊലിസ് നിരീക്ഷിച്ച് വരികയായിരുന്നു.

അതിനിടെ വില്യാപ്പള്ളിയില്‍ ബൈക്കിനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വാഹനം ഇവരുടെതാണെന്ന് പൊലിസ് തിരിച്ചറിഞ്ഞു. കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വടകരയില്‍ നിന്ന് പൊലിസ് പിന്തുടര്‍ന്നെങ്കിലും നൂറ് കിലോ മീറ്ററിലേറെ വേഗതയില്‍ പ്രതി ക ളുടെ വാഹനം കടന്നുകളഞ്ഞു. പിന്തുടര്‍ന്ന പോലീസ് പതിനെട്ട് കിലോമീറ്റര്‍ അകലെ ചെറുവണ്ണൂരില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രതികളുടെ വാഹനത്തില്‍ മയക്കാനുപയോഗിക്കന്ന സ്‌പ്രേ, നാല് മുഖം മൂടികള്‍, കത്തി, ഇടിക്കട്ട എന്നിവ കണ്ടെടുത്തു.

കര്‍ണാടകയിലെ കുട്ടയില്‍ 85 ലക്ഷം രൂപയും മറ്റൊരു സംഭവത്തില്‍ 68 ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. കേരളത്തില്‍ നിരവധി കുഴല്‍പണക്കാരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുമുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിക്ക് വേണ്ടി കൊലക്കേസ് ഉള്‍പ്പെടെ നിരവധി അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരാണ് റഷീദ് ഒഴികെയുള്ള പ്രതികള്‍. ഇവരെ വടകര കോടതിയില്‍ ഹാജരാക്കി.

Tags: