സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയം; സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കമ്മീഷന്‍ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടല്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ആര് സമരം ചെയ്താലും കല്ലിടല്‍ തുടരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു.എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്‍വാങ്ങേണ്ടി വരും

Update: 2022-05-16 09:43 GMT

കൊച്ചി:സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്നും കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ ജനരോഷം സര്‍ക്കാരിന് ബോധ്യപ്പെട്ടു. കമ്മീഷന്‍ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടല്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ആര് സമരം ചെയ്താലും കല്ലിടല്‍ തുടരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടല്‍. ജനശക്തിക്ക് മുന്നില്‍ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാംഘട്ട സമരം വിജയിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്രമോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സര്‍ക്കാരും മുട്ട് മടക്കിയത്. കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ കെ.റെയില്‍ ചര്‍ച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് ഘഉഎ കണ്‍വീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ മാറ്റി പറഞ്ഞു. വികസനം ചര്‍ച്ച ചെയ്യാമെന്ന യുഡിഎഫിന്റെ ന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Tags:    

Similar News