ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശി തരൂര്‍; ലീഗ് വേദിയിലെ പ്രസംഗം വിവാദമാവുന്നു

Update: 2023-10-26 15:12 GMT

കോഴിക്കോട്: ഹമാസിനെ ഭീകരവാദികളെന്ന വിശേഷിപ്പിച്ച എം പി ശശി തരൂരിന്റെ പ്രസംഗം വിവാദമാവുന്നു. ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. തരൂരിന്റെ പരാമര്‍ശനത്തിനെതിരേ അണികള്‍ക്ക് ഇടയില്‍ അമര്‍ഷമുണ്ട്.ഇസ്രായലിനെ ഭീകരവാദികള്‍ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.

ഹമാസിന്റെ ഭീകരാക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞുവെച്ചത്. ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചെങ്കിലും ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് തൊട്ടുമുന്‍പ് വരെയും ഇസ്രായേല്‍ ഫലസ്തീനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അക്കാര്യം വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇക്കൂട്ടര്‍ മറച്ചുപിടിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഫലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖങ്ങളായ പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോ എത്താത്തതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമര്‍ശിക്കാനും ശശി തരൂര്‍ തയ്യാറായില്ല.

കോഴിക്കോട് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീല്‍ വ്യക്തമാക്കി. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രായേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ല. ഫലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും ജലീല്‍ പറഞ്ഞു. ലീഗ് പരിപാടിയില്‍ ശശി തരൂര്‍ പ്രസംഗിക്കുന്ന വീഡിയോ സഹിതമാണ് ജലീലിന്റെ പരാമര്‍ശം.

കെടി ജലീല്‍ പറഞ്ഞത്: കോഴിക്കോട്ട് നടന്നത് ഇസ്രായേല്‍ അനുകൂല സമ്മേളനമോ? ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രായേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക.മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രായേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും. (മാളത്തില്‍ കുത്തിയാല്‍ ചേരയും കടിക്കും).

അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ല. ഫലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രായേല്‍ മാല'' പാടിയത്. സമസ്തക്ക് മുന്നില്‍ 'ശക്തി' തെളിയിക്കാന്‍ ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂര്‍ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. ഫലസ്തീനികളുടെ ചെലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവര്‍.






Tags:    

Similar News