ഫ്രറ്റേണിറ്റി ജാഥക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം; സംസ്ഥാന നേതാക്കള്‍ അറസ്റ്റില്‍

സംസ്ഥാന ജന. സെക്രട്ടറി കെ എം ഷെഫ്രിന്‍, സെക്രട്ടറി സാന്ദ്ര എം ജെ ഉള്‍പ്പെടെ നിരവധി നേതാക്കളാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മഹാരാജാസ് യൂനിറ്റ് ഭാരവാഹി ഫുആദ് മുഹമ്മദിന് തലക്ക് പരിക്കേറ്റു.

Update: 2019-07-05 12:44 GMT

കൊച്ചി: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം. എറണാകുളം മഹാരാജാസ് കോളജിലാണ് ജാഥ എസ്എഫ്‌ഐ തടഞ്ഞത്. സാഹോദര്യ ജാഥ കോളജിന് മുന്നിലെത്തിയതോടെ കോളജിന്റെ ഗേറ്റ് പൂട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.


ഇതോടെ മുദ്രാവാക്യം വിളികളുമായി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കോളജിന് മുന്നില്‍ സംഘര്‍ഷാവസ്ഥയായതോടെ പോലിസ് ഫ്രറ്റേണിറ്റി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

എസ്എഫ്‌ഐ ആക്രമണത്തിലും പോലിസ് ലാത്തി ചാര്‍ജ്ജിലും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റിലായി. സംസ്ഥാന ജന. സെക്രട്ടറി കെ എം ഷെഫ്രിന്‍, സെക്രട്ടറി സാന്ദ്ര എം ജെ ഉള്‍പ്പെടെ നിരവധി നേതാക്കളാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മഹാരാജാസ് യൂനിറ്റ് ഭാരവാഹി ഫുആദ് മുഹമ്മദിന് തലക്ക് പരിക്കേറ്റു. ഫുആദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.




Tags: