സാമ്പത്തിക സംവരണം: കോണ്‍ഗ്രസ്, സിപിഎം എംപിമാരുടെ ഓഫിസുകളിലേക്ക് 17 ന് മാര്‍ച്ച്-എസ്ഡിപിഐ

സംവരണ സമുദായങ്ങളെ വഞ്ചിച്ച സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ എസ്ഡിപി ഐ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരും.ഈ മാസം 25 മുതല്‍ 31 വരെ നിയോജകമണ്ഡലം തലത്തില്‍ നടത്തുന്ന പ്രചരണ ജാഥകളിലൂടെ സാമ്പത്തിക സംവരണ താല്‍പര്യങ്ങളെ തുറന്നു കാട്ടും.

Update: 2019-01-16 10:49 GMT

കൊച്ചി: ബിജെപിയുടെ സാമ്പത്തിക സംവരണത്തിന് കുട്ടു നിന്നുകൊണ്ട് പിന്നാക്ക ദലിത് മത ന്യൂനപക്ഷങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ്, സിപിഎം എംപിമാരുടെ ഓഫിസുകളിലേക്ക് ജനുവരി 17 ന് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ചും നടത്തും. എറണാകുളത്ത് പ്രഫ. കെ വി തോമസിന്റെയും ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫിസിലേക്കുമാണ് മാര്‍ച്ച് നടത്തുന്നതെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ഖജാന്‍ജി സുധീര്‍ ഏലൂക്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17 ന് രാവിലെ 10 ന് പ്രഫ. കെ വി തോമസ് എംപിയുടെ ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ച് പാര്‍ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചറും ഇന്നസെന്റ് എംപിയുടെ ഓഫിസിലേക്ക് നടത്തന്ന മാര്‍ച്ച് പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയക്കലും ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സംവരണവും മുന്നോക്ക ജാതികള്‍ക്ക് സംവരണവും ഏര്‍പ്പെടുത്തുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്.അതു മറച്ചുവെച്ചുകൊണ്ട് സവര്‍ണ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് സംഘപരിവാര്‍ നടപടി. ഇതിനെ പിന്തുണക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

അധികാര പങ്കാളിത്തത്തില്‍ എത്തിച്ചേരാന്‍ കഴിയാതെ പോയ പിന്നാക്ക,ദലിത്,ന്യൂനപക്ഷങ്ങള്‍ക്ക് അത് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യഥാര്‍ഥത്തില്‍ ഭരണഘടന ഭേദഗതിക്ക് ശ്രമിക്കേണ്ടിയിരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.സംവരണ സമുദായങ്ങളെ വഞ്ചിച്ച സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ എസ്ഡിപി ഐ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരും.ഈ മാസം 25 മുതല്‍ 31 വരെ നിയോജകമണ്ഡലം തലത്തില്‍ നടത്തുന്ന പ്രചരണ ജാഥകളിലൂടെ സാമ്പത്തിക സംവരണ താല്‍പര്യങ്ങളെ തുറന്നു കാട്ടും. ഫെബ്രുവരി അഞ്ചിന് സെക്രട്ടറിയേറ്റിന് ചുറ്റും സംവരണ മതില്‍ തീര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Tags: