എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ നേതാക്കളെത്തി

സമരക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങള്‍ക്കൊപ്പവും എസ്ഡിപിഐ ഉണ്ടാവുമെന്നും അതിരുകളില്ലാത്ത പിന്തുണ നല്‍കുന്നതായും സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉറപ്പുനല്‍കി.

Update: 2019-02-05 16:41 GMT
എംപാനല്‍ ജീവനക്കാരുടെ സമരപ്പന്തലില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ നേതാക്കളെത്തി. പത്തും ഇരുപതും വര്‍ഷം കണ്ടക്ടറായി സേവനം നടത്തിയവരെ പെരുവഴിയില്‍ ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. സാധാരണക്കാരായ 3861 പേരെ പിരിച്ചുവിട്ടതോടെ ഇവരുടെ കുടുംബങ്ങളും വഴിയാധാരമായി. പിരിച്ചുവിട്ടവരെ അടിയന്തരമായി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജീവിക്കാന്‍ വേണ്ടി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

സമരക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങള്‍ക്കൊപ്പവും എസ്ഡിപിഐ ഉണ്ടാവുമെന്നും അതിരുകളില്ലാത്ത പിന്തുണ നല്‍കുന്നതായും അദ്ദേഹം ഉറപ്പുനല്‍കി. എസ്ഡിപിഐ സംഘടിപ്പിച്ച സംവരണ മതിലിന് കണ്ടക്ടര്‍മാര്‍ നല്‍കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദിയറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജന.സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍ എന്നിവരും സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരേയും തിരിച്ചെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമനിര്‍മാണം ഉള്‍പ്പടെ സര്‍ക്കാരില്‍ നിന്നും അനുകൂല സമീപനം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

Tags: