സ്വാമി അഗ്‌നിവേശിനെതിരായ കയ്യേറ്റം കേരളത്തിന് അപമാനം: എസ്ഡിപിഐ

ആര്‍എസ്എസ് ഫാഷിസത്തിന്റെ വിമര്‍ശകനായ സ്വാമി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വാമിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് എസ്ഡിപിഐ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

Update: 2019-10-03 10:29 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈദ്യസഭ പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗജന്യ നാട്ടു ചികില്‍സാ പ്രചരണ പരിപാടികളുടെ ഉദ്ഘാടകനായി എത്തിയ സ്വാമി അഗ്‌നിവേശിനെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നടപടി കേരളത്തിന് തന്നെ അപമാനമാണെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ഉദ്ഘാടകനായിരുന്ന കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് തിരക്കു കാരണം ഒഴിവായതിനാലാണ് സംഘാടകര്‍ സ്വാമിയെ ക്ഷണിച്ചത്. ആര്‍എസ്എസ് ഫാഷിസത്തിന്റെ വിമര്‍ശകനായ സ്വാമി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വാമിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

സ്വാമിയെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത പൂജപ്പുര പോലിസ് നടപടി പോലിസിലെ ആര്‍എസ്എസ് വല്‍ക്കരണത്തെ ശരിവെയ്ക്കുന്നതാണ്. ആര്‍എസ്എസ്സിന്റെ ഇത്തരം നടപടികളെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് എതിര്‍ക്കണമെന്നും, കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷനായിരുന്നു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, ഷിഹാബുദ്ദീന്‍ മന്നാനി, എ ഇബ്രാഹിം കൂട്ടി, ഷബീര്‍ ആസാദ് എന്നിവര്‍ സംസാരിച്ചു.

Tags: