സൗജന്യഭക്ഷ്യ കിറ്റ് വിതരണം: എസ്.സി/എസ്.ടി ഫണ്ട് വകമാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹം- എസ്ഡിപിഐ

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള ഫണ്ട് പൊതുകാര്യങ്ങള്‍ക്കായി വകമാറ്റാന്‍ അനുവദിക്കരുത്.

Update: 2020-06-14 09:15 GMT

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനിടെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതുവഴി ചെലവായ തുക ഈടാക്കാന്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന ഫണ്ട് വകമാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള ഫണ്ട് പൊതുകാര്യങ്ങള്‍ക്കായി വകമാറ്റാന്‍ അനുവദിക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നോ കേന്ദ്ര സഹായത്തില്‍നിന്നോ ധനകാര്യവകുപ്പ് പ്രത്യേക പാക്കേജ് നല്‍കിയോ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിനു പകരം പട്ടിക ജാതി/ വര്‍ഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നീക്കിവക്കുന്ന നാമമാത്രമായ തുകയില്‍നിന്നും ഭക്ഷ്യക്കിറ്റുകളുടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് കാട്ടുന്ന വഞ്ചനയും ക്രൂരതയുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി എസ്.സി/ എസ്.ടി വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും മുടങ്ങിക്കിടക്കുമ്പോള്‍ അത് വിതരണം ചെയ്യാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരാണ് ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ അമിതാവേശം കാണിക്കുന്നത്. സംസ്ഥാനത്തെ 85 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 1000 രൂപാ വിലവരുന്ന പലവ്യജ്ഞനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 850 കോടി രൂപ ചെലവ് കണക്കാക്കിയ സര്‍ക്കാര്‍ 350 കോടി മാത്രം വകയിരുത്തിയതു തന്നെ ദുരുദ്ദേശപരമാണ്. ബാക്കി വരുന്ന 500 കോടി പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്നു കൈയിട്ടുവാരാമെന്നതു പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ ജനത അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി 

Tags:    

Similar News