പട്ടികജാതി- വര്‍ഗ സംവരണം: കേരള നിയമസഭ പ്രമേയം പാസാക്കി

നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതിവ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ പലതട്ടിലും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-12-31 05:01 GMT

തിരുവനന്തപുരം: പട്ടികജാതി- വര്‍ഗ സംവരണം പത്തുവര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. പമേയത്തെ ഭരണ- പ്രതിപക്ഷം ഒരുപോലെ അനുകൂലിച്ചു. ഭരണഘടനയുടെ 368ാം അനുച്ഛേദപ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ സംവരണം 10 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ നിയമം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന നിയമസഭകളും പ്രമേയം പാസാക്കണം. ഇതിനാണ് അടിയന്തര നിയമസഭാ സമ്മേളനം. ജനുവരി പത്തിന് മുമ്പ് പ്രമേയം പാസാക്കണമെന്നാണ് കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശം. നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതിവ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ പലതട്ടിലും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്നിയമ നിര്‍മ്മാണങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനയില്‍ പ്രത്യേക പ്രാതിനിധ്യത്തിനുള്ള അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ സാമൂഹ്യ ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഗ്രാമങ്ങളിലും ഇപ്പോഴും ആവാസവ്യവസ്ഥയില്‍പ്പോലും ജാതി മുഖ്യഘടകമാണ്.

ജനങ്ങളെ വേര്‍തിരിക്കുന്ന ജാതിമതില്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് ദശകങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്നുവെന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നമ്മുടെ സമൂഹത്തിലുണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പാരമ്പര്യമുള്ള കേരളത്തില്‍ ഒരുപക്ഷേ പുതുതലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം. തൊട്ടുകൂടായ്മയും കാണായ്മയും ഈ സമൂഹത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ഥത്തില്‍ പോലും നിലിനിന്നിരുന്നു. എന്നാല്‍, ജനകീയ പ്രസ്ഥാനങ്ങള്‍ പൊതുമണ്ഡലത്തില്‍ നടത്തിയ ശക്തമായി ഇടപെടലുകളാണ് ഇത്തരം അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയത്. വിദ്യാഭ്യാസപരമായി ദീര്‍ഘകാലം പിന്നാക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തികനീതി ലഭ്യമാകണമെങ്കില്‍ എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം പ്രത്യേകമായി ഉറപ്പുവരുത്തേണ്ടത് ഒരു തുടര്‍ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഈ ഭരണഘടനാ ഭേദഗതി പാസ്സാക്കുന്നതിന്റെ ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    

Similar News