എസ്ബിഐ ബ്രാഞ്ച് ആക്രമണം: ആറ് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി

Update: 2019-01-14 17:10 GMT

തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ആറ് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി. കേസിലെ മുഖ്യപ്രതികളായ അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), സുരേഷ് ബാബു(ജിഎസ്ടി), വിനുകുമാര്‍, സുരേഷ് എന്നിവരാണ് രാത്രി ഒമ്പതരയോടെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഉള്‍പ്പെട്ട അജയകുമാര്‍ (സെയില്‍സ് ടാക്സ്) ഒളിവിലാണ്. എന്നാല്‍ അജയകുമാര്‍ സംഭവത്തിലുണ്ടായിരുന്നില്ലെന്ന് കീഴടങ്ങിയവര്‍ മൊഴി നല്‍കി. ഇ്ന്ന് കീഴടങ്ങിയവര്‍ യൂനിയന്‍ സംസ്ഥാന- ജില്ലാ നേതാക്കളാണ്.

ഈ കേസില്‍ നേരത്തെ രണ്ടുനേതാക്കള്‍ കീഴടങ്ങിയിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരാണ് ആദ്യം കീഴടങ്ങിയത്. റിമാന്റിലുള്ള ഇരുവരേയും അന്വേഷണവിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ബാങ്ക് ശാഖയിലുണ്ടായ അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ട്.


Tags: