എസ്ബിഐ ആക്രമണം: എന്‍ജിഒ യൂനിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പണിമുടക്കിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അക്രമം ഗൗരവതരമാണെന്ന് കോടതി വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Update: 2019-01-25 11:44 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലുള്ള എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന എട്ട് എന്‍ജിഒ യൂനിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു(ജിഎസ്ടി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍(സിവില്‍ സപ്ലൈസ്), ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍, നേതാക്കളായ ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍, സുരേഷ് എന്നിവര്‍ നല്‍കിയ ജാമ്യഹരജിയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. പിഴയടച്ച് കേസില്‍ നിന്നും തടിയൂരാനുള്ള നേതാക്കളുടെ ശ്രമമാണ് കോടതി തടഞ്ഞത്. പണിമുടക്കിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അക്രമം ഗൗരവതരമാണെന്ന് കോടതി വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തുറന്ന് പ്രവര്‍ത്തിച്ച എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ അതിക്രമിച്ച് കയറി അടിച്ച് തകര്‍ക്കുകയായിരുന്നു. സിപിഎമ്മുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കള്‍ അന്നുമുതല്‍ ഒളിവില്‍ പോയിരുന്നു. പാര്‍ട്ടിയാണ് സംരക്ഷണം ഒരുക്കുന്നതെന്ന് ആരോപണം ഉയര്‍ന്നതോടെ എട്ടുപേരും കീഴടങ്ങുകയായിരുന്നു. ഇവര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നോട്ടീസ് നല്‍കിയും വീടുകളില്‍ തിരച്ചില്‍ നടത്തിയും പോലിസ് സമ്മര്‍ദം ശക്തമാക്കുകയും ഒത്തുതീര്‍പ്പിന് ബാങ്ക് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് കീഴടങ്ങല്‍.

Tags:    

Similar News