മോദി സ്തുതി: ചെന്നിത്തലയടക്കം ആരും തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ശശിതരൂർ
മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മോദിയെ പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരേ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ തരൂരും നിലപാട് കടുപ്പിച്ചു.
തിരുവനന്തപുരം: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മോദിയെ പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരേ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ തരൂരും നിലപാട് കടുപ്പിച്ചു.
ചെന്നിത്തല തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ശശിതരൂർ എം.പി. മോദി അനുകൂല പ്രസ്താവനയിൽ ചെന്നിത്തലയടക്കം ആരും തന്നെ പഠിപ്പിക്കാൻ വരേണ്ട. മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂർ എംപിയുടെ നരേന്ദ്ര മോദി അനുകൂല പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കോണ്‍ഗ്രസ് പാർട്ടി പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും തരൂരിനെതിരേ രംഗത്തുവന്നു. കോൺഗ്രസിന്റെ ചിലവിൽ മോദിയെ ആരും സ്തുതിക്കേണ്ടെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. ശശി തരൂരിന്റെ നിലപാട് മാറ്റം ദൗർഭാഗ്യകരമാണെന്ന് മുല്ലപ്പള്ളിയും പറഞ്ഞു. തരൂരിനോട് വിശദീകരണം തേടും. ഇക്കാര്യത്തിലുള്ള അഭിപ്രായ വിത്യാസം പാർട്ടി വേദിയിലായിരുന്നു തരൂർ പറയേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ പ്രശംസിക്കണമെന്നായിരുന്നു ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
