കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം?; വിമർശനവുമായി സനൽകുമാർ ശശിധരൻ

ജീവിതത്തിലേക്ക് നടന്നുതുടങ്ങുന്നതിനു മുൻപ് അരിഞ്ഞു വീഴ്ത്തപ്പെടുന്ന മനുഷ്യരുടെ നിലവിളിയാണോ തെരുവിന്റെ മുദ്രാവാക്യം?.

Update: 2021-04-07 09:43 GMT

കോഴിക്കോട്: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി സിനിമാ സംവിധായകൻ സനൽ കുമാർ ശശിധരൻ. കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം? ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നതിനു മുൻപ് അരിഞ്ഞു വീഴ്ത്തപ്പെടുന്ന മനുഷ്യരുടെ നിലവിളിയാണോ തെരുവിന്റെ മുദ്രാവാക്യം?. 2021 ലും കൊല്ലും കൊലയും കൊലവിളിയുമായി നടക്കുന്ന പ്രസ്ഥാനമാണത്രെ മനുഷ്യനെ നന്നാക്കാൻ പോകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം മൻസൂറിന്റെ കൊലപാതകത്തെ ന്യായീകരിച്ച് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്ക് കുറിപ്പിട്ടത് വിവാദമായി. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്. തുടർന്ന് മകന്റെ നിലപാടിനെ തള്ളി പി ജയരാജൻ രം​ഗത്തുവന്നു.

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായ പ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും പി ജയരാജന്‍ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

Similar News