തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലിസ് സംരക്ഷണം: ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ പോലിസിനു ഹൈക്കോടതി നിര്‍ദ്ദേശം

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്നു തിരുവാഭരണ യാത്രയ്ക്കും ഭീഷണിയുണ്ടെന്നു ഹരജിയില്‍ പറയുന്നു.

Update: 2019-01-07 15:00 GMT

കൊച്ചി: തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ പോലിസിനു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പന്തളം കൊട്ടാരം മാനേജിങ് കമ്മിറ്റി സെക്രട്ടറി പി എന്‍ നാരായണവര്‍മയാണ് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

വ്യാഴാഴ്ച വിശദീകരണം ബോധിപ്പിക്കാനാണ് എതിര്‍കക്ഷികളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേവസ്വംബോര്‍ഡ്, സംസ്ഥാന പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ എതിര്‍കക്ഷികള്‍. പന്തളം കൊട്ടാരത്തില്‍ നിന്നു ശബരിമലയിലേക്ക് തിരികെ വരാനും സംരക്ഷണം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്നു തിരുവാഭരണ യാത്രയ്ക്കും ഭീഷണിയുണ്ടെന്നു ഹരജിയില്‍ പറയുന്നു.കഴിഞ്ഞ മണ്ഡലകാലത്തും മറ്റുമുണ്ടായ ആക്രമസംഭവങ്ങളും മറ്റും തിരുവാഭരണ ഘോഷയാത്രയേയും മറ്റും ബാധിച്ചേക്കുമെന്നു ഹരജിയില്‍ ആരോപിക്കുന്നു.




Tags:    

Similar News