ശബരിമല: തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം; ആന്റിജന്‍ പരിശോധന മതിയെന്ന് സര്‍ക്കാര്‍

അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ട്രെയിന്‍ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.

Update: 2020-10-30 16:26 GMT

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ട്രെയിന്‍ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.

പരിശോധനയ്ക്കായി കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും തീരുമാനമായി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈന്‍ അവലോകനയോഗത്തിലാണ് തീരുമാനം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാഫലം മതിയായിരുന്നു. കോടതി നിര്‍ദേശത്തിന്റെയും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

പ്രതിദിനം 1,000 തീര്‍ഥാടകര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം അനുവദിക്കുക. മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദര്‍ശനത്തിന് 5,000 പേരെ വീതം അനുവദിക്കാനും തീരുമാനമായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിലയ്ക്കലില്‍ സാമൂഹിക അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുമുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു.

Tags:    

Similar News