ശബരിമല നട വൈകീട്ട് തുറക്കും; കനത്ത സുരക്ഷയില്‍ തീര്‍ഥാടകരെ കടത്തിവിടുന്നു

പ്രതിഷേധിക്കുമെന്ന നിലപാടുമായി ശബരിമല കര്‍മസമിതിയും ബിജെപിയും രംഗത്തുള്ളതിനാല്‍ 3000 പോലിസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. 17ന് നട അടക്കുന്നത് വരെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.

Update: 2019-02-12 08:46 GMT

ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. യുവതി പ്രവേശനത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സന്നിധാനത്തും സമീപപ്രദേശങ്ങളിലും പോലിസ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാധ്യമപ്രവര്‍ത്തകരേയും തീര്‍ഥാടകരയേും മല കയറാന്‍ അനുവദിച്ചു. തീര്‍ഥാടകരില്‍ ഏറെയും ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണയും ഉണ്ടാവുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് മുതലെടുപ്പിന്റെ ഭാഗമായി പ്രതിഷേധിക്കുമെന്ന നിലപാടുമായി ശബരിമല കര്‍മസമിതിയും ബിജെപിയും രംഗത്തുള്ളതിനാല്‍ 3000 പോലിസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. 17ന് നട അടക്കുന്നത് വരെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. സന്നിധാനം, പമ്പ, നിലക്കല്‍, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ്പിമാര്‍ക്കാണ് സുരക്ഷാചുമതല. സന്നിധാനത്ത് വി അജിത്, പമ്പയില്‍ എച്ച് മഞ്ചുനാഥ്, നിലക്കലില്‍ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. നവോത്ഥാന കേരളം ശബരിമലക്ക് എന്ന സമൂഹമാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാന്‍ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തെ മലകയറാനെത്തി പരാജയപ്പെട്ടവരടക്കം നിരവധി യുവതികള്‍ ഇത്തവണ ദര്‍ശനത്തിന് എത്തിയേക്കുമെന്നാണ് പോലിസ് കരുതുന്നത്. 

Tags:    

Similar News