തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണത്തില്‍ മൂന്ന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഡിവൈഎഫ്‌ഐ തിരുമല മേഖലാ സെക്രട്ടറി എസ് അനീഷ്, സിപിഎം തൃചക്രപുരം ബ്രാഞ്ച് സെക്രട്ടറി ജയകുമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Update: 2020-02-19 18:14 GMT

തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ- സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ തിരുമല മേഖലാ സെക്രട്ടറി എസ് അനീഷ്, സിപിഎം തൃചക്രപുരം ബ്രാഞ്ച് സെക്രട്ടറി ജയകുമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. തിരുമല ജങ്ഷനില്‍ ഡിവൈഎഫ്‌ഐ പതാകയ്ക്ക് മുകളില്‍ ആര്‍എസ്എസ്സുകാര്‍ കാവിക്കൊടി കെട്ടി പ്രകോപനം സൃഷ്ടിച്ചുകൊണ്ടാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിനുശേഷം ആര്‍എസ്എസ് മുഖ്യശിക്ഷക് അഭിലാഷ്, നന്ദു എന്നിവരുടെ നേതൃത്വത്തില്‍ 30 ഓളം പേര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നു.

ഇരുമ്പുവടികളും ഇടിവളകളും കൊണ്ടുള്ള മര്‍ദനത്തില്‍ ഡിവൈ എഫ്‌ഐ പ്രവര്‍ത്തകരായ അനീഷിന്റെയും യദുകൃഷ്ണന്റെയും തലയ്ക്കും മുഖത്തിനും പരിക്കേറ്റു. സംഘര്‍ഷം തടയാനെത്തിയ സിപി എം ബ്രാഞ്ച് സെക്രട്ടറി ജയകുമാറിനെ സംഘം വളഞ്ഞിട്ട് മര്‍ദിച്ചക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. ജയകുമാറിന്റെ തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ജനറലാശുപത്രിയിലും കണ്ണാശുപത്രിയിയും പ്രാഥമികപരിശോധനയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഞായറാഴ്ച വട്ടിയൂര്‍ക്കാവിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരേ ആര്‍എസ്എസ് ആക്രമണമുണ്ടായി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തന്‍കട വിജയന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ് ബാബു എന്നിവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പൂജപ്പുര പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ കലാപശ്രമത്തിനെതിരേ പോലിസ് ശക്തമായ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ വിളപ്പില്‍ ബ്ലോക്ക് സെക്രട്ടറി അരുണ്‍ ലാല്‍, പ്രസിഡന്റ് പി പ്രശാന്ത് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News