പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ കൈയാങ്കളിയുണ്ടായി. പാലക്കാട് നിന്നെത്തിയ ഒരുവിഭാഗം വ്യാപാരികളെ ഔദ്യോഗിക വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

Update: 2019-12-29 09:32 GMT

കോഴിക്കോട്: ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. കൃത്യമായ ബദല്‍ സംവിധാനമൊരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്നും പ്ലാസ്റ്റിക് നിരോധനം കൃത്യമായി ആസൂത്രണമില്ലാതെ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയോഗമാണ് പ്ലാസ്റ്റിക് നിരോധനത്തിനെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ പിഴ ഈടാക്കിയാല്‍ കടകളടച്ചിട്ട് സമരം ചെയ്യുമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനാണ് പ്രഖ്യാപിച്ചത്.

ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കുന്നതാണ് പുതിയ നിരോധനം. കച്ചവടക്കാരില്‍നിന്ന് പിഴ ഈടാക്കിയാല്‍ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധൃതിപിടിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക വഴി വന്‍കിടക്കാരെ സഹായിക്കുകയാണ് സര്‍ക്കാരെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തുന്നു. അതിനിടെ, കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ കൈയാങ്കളിയുണ്ടായി. പാലക്കാട് നിന്നെത്തിയ ഒരുവിഭാഗം വ്യാപാരികളെ ഔദ്യോഗിക വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് വ്യാപാരഭവനില്‍ രാവിലെ പത്തരയോടെയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നത്.

എന്നാല്‍, പാലക്കാട് നിന്നെത്തിയ ഒരുസംഘം വ്യാപാരികളെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ അനുകൂലിക്കുന്നവര്‍ തടഞ്ഞു. സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിന് പുറത്താക്കിയവരാണിവരെന്നും അതുകൊണ്ട് യോഗത്തില്‍ പങ്കെടുപ്പിക്കാനാവില്ലെന്നുമായിരുന്നു ഔദ്യോഗികവിഭാഗത്തിന്റെ നിലപാട്. എന്നാല്‍, കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും പാലക്കാട് നിന്നെത്തിയവര്‍ പറഞ്ഞു. ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടാവുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. പോലിസ് ഇടപെട്ട് രണ്ടുകൂട്ടരെയും പിന്തിരിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്. 

Tags: