സാമ്പത്തിക സംവരണത്തിനായി ഭരണഘടനാഭേദഗതി നീക്കം; രാജ്യത്ത് വിഭാഗീയത വളര്‍ത്താനുള്ള ശ്രമമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

Update: 2019-01-07 16:13 GMT

കൊച്ചി: മുന്നോക്ക സമുദായത്തിലെ വാര്‍ഷികവരുമാനം 8 ലക്ഷത്തില്‍ താഴെയുള്ള ആളുകള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ). പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്തെ വിഭാഗീയത വളര്‍ത്താനെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

ഈ നീക്കത്തെ സ്വാഗതം ചെയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ ആത്യന്തികമായി ഭരണഘടനയെ തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. 80% വരുന്ന പിന്നോക്കക്കാര്‍ക്കും പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കും ആയി 50% മാത്രം സംവരണം നല്‍കുമ്പോള്‍ രാജ്യത്തെ 20 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാര്‍ക്ക് 10% സംവരണം നല്‍കുക വഴി വലിയ അനീതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്.

നിലവില്‍ 50 ശതമാനം സംവരണവും 50% ജനറല്‍ കാറ്റഗറിയില്‍ എന്നുള്ളതാണ് സംവരണ തത്വം 10% മുന്നോക്ക വിഭാഗത്തിലെ ആളുകള്‍ക്ക് സംവരണം ചെയ്താല്‍ സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ 60 ശതമാനമായി ഉയരും ജനറല്‍ കാറ്റഗറിയില്‍ 40 ശതമാനമായി താഴുകയും ചെയ്യും. ഇത് സംവരണം 50 ശതമാനത്തിന് മേലെയാവാന്‍ പാടില്ലയെന്ന സുപ്രീം കോടതി വിധിക്ക് എതിരെയുമാണ്. അതിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ഈ സമയത്ത് എത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് രാജ്യത്തെ പിന്നാക്കവിഭാഗങ്ങള്‍ ഉചിതമായ മറുപടി നല്‍കും. സാമുദായികമായി അവശത അനുഭവിക്കുന്ന പട്ടികജാതി,പട്ടിക വിഭാഗ,മറ്റ് പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ആണ് ഭരണഘടന രൂപീകൃതമായപ്പോള്‍ അത്തരം വിഭാഗത്തിലുള്ള ആളുകള്‍ക്ക് സംവരണം കൊണ്ടുവരുവാന്‍ ഭരണഘടനയില്‍ സംവരണതത്വം ഉള്‍പ്പെടുത്തിയത്, അത് കേവലം തൊഴിലിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഭരണഘടനാ തത്ത്വങ്ങള്‍ അട്ടിമറിക്കുന്ന രീതിയിലുള്ളതാണ് പൊതുവിഭാഗത്തില്‍ 10% മുന്നോക്ക ജാതിക്കാര്‍ക്ക് കൊടുക്കാനുള്ള നീക്കമെന്നും കേരള ലാറ്റിന്‍ കാത്തിലിക് അസോസിയേഷന്‍ പറഞ്ഞു.




Tags:    

Similar News