എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക: ജനാധിപത്യ-മനുഷ്യാവകാശ കൂട്ടായ്മ

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും മറവില്‍ ശാഹീന്‍ബാഗിലും ജാമിഅ മില്ലിയയിലും നടന്ന പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ യുഎപിഎയും എന്‍എസ്എയും ചാര്‍ത്തി ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

Update: 2020-06-08 11:09 GMT

പാലക്കാട്: ജാമ്യംപോലും നിഷേധിക്കപ്പെട്ട് ജയിലില്‍ അടച്ചിരിക്കുന്ന എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്ന് ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലക്കാട് ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും മറവില്‍ ശാഹീന്‍ബാഗിലും ജാമിഅ മില്ലിയയിലും നടന്ന പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ യുഎപിഎയും എന്‍എസ്എയും ചാര്‍ത്തി ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

വിദ്യാര്‍ഥിനിയായ സഫൂറാ സര്‍ഗാര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളെയാണ് ജാമ്യം പോലും നിഷേധിച്ച് ജയിലറയ്ക്കുള്ളിലാക്കിയിരിക്കുന്നത്. ഭീമകൊറേഗാവ് വാര്‍ഷികത്തില്‍ സംബന്ധിച്ചവര്‍ മാവോവാദികളാണെന്നാരോപിച്ച് തടവില്‍ പാര്‍പ്പിച്ചിട്ടുള്ള വിപ്ലവകവി വരവരറാവു മുതല്‍ 11 പേരാണ് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. അബ്ദുല്‍നാസര്‍ മഅ്ദനി മുതല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. ജി എന്‍ സായ്ബാബ വരെയുള്ള എല്ലാ രാഷ്ട്രീത്തടവുകാരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മ ഹെഡ് പോസ്‌റ്റോഫിസ് ധര്‍ണ സംഘടിപ്പിച്ചത്.

ധര്‍ണയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ് പി അമീര്‍ അലി, കെ മാരിയപ്പന്‍, രാജന്‍ പുലിക്കോട്, ബഷീര്‍ മൗലവി, കെ വാസുദേവന്‍, കെ ഉനൈസ്, ജയിന്‍ എന്നിവര്‍ സംസാരിച്ചു. കെ കാര്‍ത്തികേയന്‍, കെ മണികണ്ഠന്‍, എ കാജാഹുസൈന്‍, സംഘാടക സമിതി നേതാക്കളും സംസാരിച്ചു. ധര്‍ണയും സമരവും നടത്തിയവര്‍ക്കെതിരേ നോര്‍ത്ത് പോലിസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.  

Tags:    

Similar News