രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനകാലാവധി നാലുവര്‍ഷമാക്കി

ഇതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. പത്തും പതിനഞ്ചും വര്‍ഷം ഒരാള്‍തന്നെ ഒരു സ്ഥാനത്ത് ഇരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും പ്രയാസവും ഒഴിവാക്കുകയാണ് ഉദ്ദേശ്യം

Update: 2019-03-08 05:44 GMT

കോട്ടയം: സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ കാലാവധി നാലുവര്‍ഷമായി പരിമിതപ്പെടുത്തി. ഇതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. പത്തും പതിനഞ്ചും വര്‍ഷം ഒരാള്‍തന്നെ ഒരു സ്ഥാനത്ത് ഇരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും പ്രയാസവും ഒഴിവാക്കുകയാണ് ഉദ്ദേശ്യം. യോഗ്യരല്ലാത്തവര്‍ 15 വര്‍ഷത്തേക്കും മറ്റും അത്തരം തസ്തികളിലെത്തിയാല്‍ സര്‍വകലാശാലകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തും. ഭാവിയില്‍ അത്തരം തടസങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. പരീക്ഷകള്‍ ക്രമപ്പെടുത്തണം. ഫലം കൃത്യമായി നല്‍കേണ്ടതുണ്ട്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി നല്‍കണം. ഇതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചാന്‍സലേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

കേരളത്തിനു പുറത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ പോകുന്നത് മേഖലയിലെ ന്യൂനതയായി കാണണം. കേരളത്തില്‍ മികച്ച സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് പുറത്തെ സ്ഥാപനങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നത് പ്രോഗ്രാമുകള്‍ സമയബന്ധിതമായി തീരാത്തതിനാലും ഫലം താമസിക്കുന്നതിനാലുമാണ്. ഇത് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇതിനെ സര്‍വകലാശാലകള്‍ മറികടക്കണം. എംജി സര്‍വകലാശാല ഇക്കാര്യത്തില്‍ മാതൃകാപരമായ ചുവടുവയ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: