അരലക്ഷത്തിലധികം പേര്‍ ക്യാംപില്‍: നാളെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കു കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2019-08-09 16:16 GMT

തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ കെടുതികളില്‍ 28 പേര്‍ മരണമടഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴു പേരെ കാണാതായി. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തരദുരിതാശ്വാസമായി ജില്ലകള്‍ക്ക് 22.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കു കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മേപ്പാടിയില്‍ പുത്തൂര്‍ മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സൈന്യം എത്തിയിട്ടുണ്ട്. വയനാട്ടില്‍ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഭൂതാനംമുത്തപ്പന്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 40 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് ആശങ്ക. മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു പേരെ രക്ഷപെടുത്തി. എന്‍. ഡി. ആര്‍. എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കാലാവസ്ഥ ദുഷ്‌കരമായതിനാല്‍ വേണ്ടരീതിയില്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ടു പോകുന്നില്ല. മണ്ണിടഞ്ഞ് വഴി തടസപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള പാലത്തിലൂടെ വലിയ യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്.

സംസ്ഥാനത്ത് 738 ക്യാമ്പുകളിലായി 15748 കുടുംബങ്ങളിലെ 64013 പേര്‍ കഴിയുന്നുണ്ട്. ദേശീയദുരന്ത നിവാരണ പ്രതികരണ സേനയുടെ 12 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മലപ്പുറത്ത് രണ്ടും വയനാട്ടില്‍ മൂന്നും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍ ഒന്നു വീതവും ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡിഫന്‍സ് സര്‍വീസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ആര്‍മിയുടെ മദ്രാസ് റെജിമെന്റിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഭോപ്പാലില്‍ നിന്ന് ഡിഫന്‍സ് എന്‍ജിനിയറിംഗ് സര്‍വീസ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മഴ, മണ്ണിടിച്ചില്‍, മരം വീഴ്ച കാരണമാണ് തടസമുണ്ടായിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയവരെ സുരക്ഷിതരായ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Tags:    

Similar News