എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2020-01-01 10:06 GMT

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ഈ വര്‍ഷം ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് റേഷന്‍ കാര്‍ഡ് നല്‍കുക. വീടില്ലാത്തവര്‍ക്കും വീടിന് നമ്പരില്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പഠിക്കാനുള്ള അവസരവും അത് സാധ്യമാവുന്ന സംസ്‌കാരവും രൂപപ്പെടുത്തും. വിദേശരാജ്യങ്ങളില്‍ ഈ സംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യത നേടാന്‍ പഠിക്കുന്നവര്‍ ഹോട്ടലുകളിലും കടകളിലുംവരെ ജോലിചെയ്യുകയും പഠനത്തോടൊപ്പം വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. 2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നു. ഇത് നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. കേരളം നമ്പര്‍ വണ്‍ ആയി തുടരും എന്ന ഉറപ്പാണത്. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നുപോയത്.

ഇന്നു മുതല്‍ സംസ്ഥാനത്തു പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വരികയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന നിയമനിര്‍മാണത്തിനെതിരെ നിയമസഭ യോജിച്ച് പ്രമേയം പാസാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. അതിന് വലിയ പ്രാധാന്യമുണ്ട്. ന?യുടെ പക്ഷത്തുള്ള ഒരു കാര്യത്തിലും നമ്മള്‍ പിന്നിലല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് പ്രഖ്യാപനങ്ങള്‍ ചുവടെ:

* യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എല്ലാ പ്രധാന പട്ടണങ്ങളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ പാര്‍പ്പിടസൗകര്യം. പിറ്റേന്ന് കാലത്ത് പ്രാതല്‍ ഉള്‍പ്പടെ അവര്‍ക്ക് ലഭിക്കും. പദ്ധതി നടപ്പാക്കുന്നത് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍.

* സംസ്ഥാനത്തുടനീളം പൊതുശുചിമുറികള്‍. 3,000 ആളുകള്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയില്‍ 12,000 ടോയ്‌ലറ്റുകള്‍. ഓരോ കേന്ദ്രത്തിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറികള്‍. സ്ത്രീകളുടേത് സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളാവും.

പെട്രോള്‍പമ്പുകളിലെ ടോയ്‌ലറ്റുകള്‍ വഴിയാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഉപയോഗിക്കാവുന്ന സാഹചര്യമുണ്ടാക്കും

* യുവജനങ്ങള്‍ക്ക് നേതൃശേഷി വളര്‍ത്താന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാന്‍ പദ്ധതി

പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ അദാലത്ത്. മുഴുവന്‍ പരാതികളും ഈ വര്‍ഷം തീര്‍പ്പാക്കും.

2020 മെയ് ആവുമ്പോള്‍ സംസ്ഥാനത്തെ റോഡുകള്‍ പുനര്‍നിര്‍മിക്കും. ബാക്കി റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബറില്‍ തീര്‍ക്കും

സംസ്ഥാനത്ത് വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമകോംപ്ലക്‌സുകള്‍ ഈവര്‍ഷം

തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയിലേക്ക്. വൈദ്യുതി ലാഭിക്കുക ലക്ഷ്യം

സംസ്ഥാന വ്യവസായ സംരക്ഷണസേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്‍കുന്നതിനു തുല്യമായ പരിശീലനം ഇവര്‍ക്കു നല്‍കും.

കേരളത്തിന്റെ പച്ചപ്പ് വീണ്ടെടുക്കലിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകള്‍ ഈ വര്‍ഷം വച്ചുപിടിപ്പിക്കും 

Tags:    

Similar News