പീഡനക്കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന്; യൂത്ത് കോണ്‍ഗ്രസുകാരന് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനം

യൂത്ത് കോണ്‍ഗ്രസ് മുനക്കക്കടവ് ബൂത്ത് പ്രസിഡന്റ് ഷുഹൈബിനാണ് മര്‍ദനമേറ്റത്. കടപ്പുറം മണ്ഡലം കമ്മിറ്റി ഓഫിസായ ഇന്ദിരാ ഭവനില്‍വച്ചാണ് സംഭവം.

Update: 2019-01-19 19:58 GMT

ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് പ്രതിയാക്കപ്പെട്ട ലൈംഗിക പീഡനക്കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസ് ഓഫിസില്‍ മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് മുനക്കക്കടവ് ബൂത്ത് പ്രസിഡന്റ് ഷുഹൈബിനാണ് മര്‍ദനമേറ്റത്. കടപ്പുറം മണ്ഡലം കമ്മിറ്റി ഓഫിസായ ഇന്ദിരാ ഭവനില്‍വച്ചാണ് സംഭവം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥയുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഷുഹൈബിനെ കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷറര്‍ നാസര്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ റസാക്ക്, ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ഷുഹൈബ് പറഞ്ഞു.

ഓഫിസില്‍ കയറിയ ഉടനെ ഷുഹൈബിനെ തള്ളിപ്പുറത്താക്കാന്‍ സംഘം ശ്രമിക്കുകയായിരുന്നു. ഇതേസമയം ഡിസിസി സെക്രട്ടറി കെ ഡി വീരമണി, മണ്ഡലം പ്രസിഡന്റ്് സി മുസ്താക്കലി തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു. ഉടന്‍ നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന കെ എം ഇബ്രാഹിമിനെതിരേ വനിതാ ലീഗ് നേതാവായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് താനാണെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് ഷുഹൈബ് പറഞ്ഞു.

ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തപ്പോള്‍ ഇബ്രാഹിമിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബ് രംഗത്തെത്തിയിരുന്നു. തന്നെ മര്‍ദിച്ചവര്‍ക്കെതിരേ ഷുഹൈബ് ചാവക്കാട് പോലിസിലും കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags: