രാജമല ദുരന്തം: ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 49 ആയി

പുഴയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 20 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2020-08-10 09:12 GMT

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട ആറുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇന്ന് ഉച്ചവരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32), വേലുതായ് (58), ജോഷ്വ (13), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കണ്ടെടുത്തവരില്‍ നാലുപേര്‍ കുട്ടികളാണ്.

പുഴയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 20 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ തിരച്ചിലില്‍ 43 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ കാണാതായവര്‍ക്കായി വനപാലകസംഘം പ്രത്യേക തിരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം ക ണ്ടെത്തിയിരുന്നു. പ്രതികൂലകാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വലിയ പാറക്കല്ലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചുനീക്കിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്‍ഡിആര്‍എഫ്, പോലിസ്, റവന്യു, ഫയര്‍ഫോഴ്‌സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍. സഹായത്തിന് പോലിസ് ഡോഗ് സ്‌ക്വാഡുമുണ്ട്. കൂടാതെ ഡ്രോണ്‍വഴിയും പരിശോധന പുരോഗമിക്കുകയാണ്. കൂടാതെ സന്നദ്ധപ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്തുണ്ട്. തിരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. 

Tags:    

Similar News