രഹ്‌ന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം

മൂന്നു മാസത്തേക്ക് പമ്പ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Update: 2018-12-14 06:11 GMT

കൊച്ചി: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് പമ്പ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെല്ലാം തള്ളിയതിനു ശേഷമായിരുന്നു അറസ്റ്റ്.

തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായി രഹന ഫാത്തിമ മലകയറാനെത്തിയത് വിവാദമായിരുന്നു. രഹ്്‌ന ഫാത്തിമ ശബരിമല കയറുന്നുവെന്ന് കാണിച്ച് ഭര്‍ത്താവ് മനോജ് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചതോടെയാണ് പ്രതിഷേധം കനത്തത്.

പോലിസ് സംരക്ഷണത്തില്‍ നടപന്തല്‍വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങുകയായിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് കേസിനാസ്പദം. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തില്‍ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കൈയിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്‌ന പോസ്റ്റ് ചെയ്തത്. 

Tags:    

Similar News