ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ റാഗിങ്; മൂന്നു പേര്‍ക്കെതിരേ കേസ്

കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മണിയൂര്‍ മങ്കര മുഹമ്മദ് നബീല്‍, കൈനാട്ടി മുഹമ്മദ് ഫവാസ്, ആവളയിലെ സിഎം ഷഫ്‌നജ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Update: 2019-08-20 08:09 GMT

പയ്യോളി: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ വിദ്യാര്‍ഥി റാഗിങിനിരയായ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ മേനാടന്‍ പൊയില്‍ അഭീഷ്ണവിനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് കേസെടുത്തത്. കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മണിയൂര്‍ മങ്കര മുഹമ്മദ് നബീല്‍, കൈനാട്ടി മുഹമ്മദ് ഫവാസ്, ആവളയിലെ സിഎം ഷഫ്‌നജ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇവര്‍ക്കെതിരേ റാഗിങ് ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നിരുന്നു. കഴിഞ്ഞദിവസം സീനിയര്‍ വിദ്യാര്‍ഥികളുടെ സമീപത്ത് നില്‍ക്കുമ്പോള്‍ ഉറക്കെ സംസാരിച്ചെന്ന് പറഞ്ഞാണ് ഇവര്‍ അഭിഷ്ണവിനെ മര്‍ദ്ദിച്ചത്. തന്റെ നാട്ടുകാരനായ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയോടാണ് സംസാരിച്ചതെന്നും ഈ വിദ്യാര്‍ത്ഥി ഇടപെട്ടിട്ടും തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അഭിഷ്ണവ് പറയുന്നു. മൂന്നു വിദ്യാര്‍ഥികളെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ വി എം സുഗേഷ് അറിയിച്ചു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയതായും പയ്യോളി പോലിസ് അറിയിച്ചു.


Tags: