ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി ചെറുകിട ക്വാറി ഉടമകള്‍

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വനം വന്യജീവി മൈനിംഗ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തമിഴ്‌നാട് ക്വാറി ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി ഉടമകള്‍.

Update: 2020-03-02 13:04 GMT
കോഴിക്കോട്: സുപ്രീംകോടതി ഉത്തരവ് എന്ന വ്യാജേന നിലവില്‍ ഇല്ലാത്ത ഉത്തരവിന്റെ മറവില്‍ വന്യജീവി സങ്കേതങ്ങളുടെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വനം വന്യജീവി മൈനിംഗ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തമിഴ്‌നാട് ക്വാറി ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി ഉടമകള്‍. നിരോധനത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിക്കപ്പെട്ട കേന്ദ്രങ്ങളുടെ 1 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ നിരോധനം ബാധകമുള്ളൂ എന്ന് സുപ്രീംകോടതിയും, കേന്ദ്ര വനം പരിസ്ഥിതി വകുപ്പും ഉത്തരവുകളിലൂടെ വ്യക്തമാക്കിയതാണ്. കേരളത്തില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തി വ്യവസായികള്‍ക്കും പൊതുഖജനാവിനും കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. അല്ലാത്തപക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്കായി് കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.

മലബാര്‍, ചൂലന്നൂര്‍ മേഖല നാളിതുവരെ നിയമപരമായി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലില്ലാത്ത സങ്കേതങ്ങളുടെ 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ക്വാറികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ക്വാറികളുടെ നിരോധനം മൂലം പൊതുവെ പ്രതിസന്ധിയാലായിരുന്ന വ്യവസായ മേഖലയ്ക്ക് കടുത്ത പ്രഹരമാണ് ഏല്‍പിച്ചതെന്നും ഇവര്‍ പറഞ്ഞു.

നിര്‍മ്മാണ മേഖല പാടെസ്തംഭിച്ചിരിക്കുകയാണ്. കമ്പി,സിമന്റ്,ഇഷ്ടിക തുടങ്ങിയ വ്യവസായിക മേഖല കടുത്ത പ്രതിസന്ധിയിലാണ് ഇതിന്റെ പിന്നില്‍ അന്യസംസ്ഥാന ലോബിയാണ്. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ നിരോധനം ബാധകമുള്ളൂ എന്ന് സുപ്രീംകോടതി 2019 ലും 2020 ലും ഓഫിസ് മെമ്മോറാണ്ടം വഴി കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയം വ്യക്തമാക്കിയിട്ടും നിരോധനം പിന്‍വലിക്കാത്തത് ദുരൂഹമാണെന്നും ഇതുവഴി ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. നിര്‍മ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണാത്ത പക്ഷം നിര്‍മ്മാണ മേഖലയിലെ മുഴുവന്‍ സംഘടനകളെയും കൂട്ടിയോജിപ്പിച്ച് മാര്‍ച്ച് രണ്ടാം വാരത്തില്‍ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ ബാബു, പ്രസിഡന്റ് അഡ്വ: എന്‍ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് കെ സി കൃഷ്ണന്‍ മാസ്റ്റര്‍, എ കെ ഡേവിസണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Similar News