പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കണമെന്ന് ക്രൈംബ്രാഞ്ച്

പോലിസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ പരീക്ഷാതട്ടിപ്പുകേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ നസീമിനും ശിവരഞ്ജിത്തിനും ജയിലിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. പ്രതികളെക്കൊണ്ട് പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

Update: 2019-09-06 16:01 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. പോലിസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ പരീക്ഷാതട്ടിപ്പുകേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ നസീമിനും ശിവരഞ്ജിത്തിനും ജയിലിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. പ്രതികളെക്കൊണ്ട് പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാപരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ക്രമക്കേട് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21ാം റാങ്കുമായിരുന്നു ലഭിച്ചത്. ഇരുവരുടെയും ബൗദ്ധികനിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. നേരത്തെ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കു ചോദിച്ച ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് ഇരുവരോടും വീണ്ടും ചോദ്യച്ചെങ്കിലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷാ തട്ടിപ്പുകേസില്‍ യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്, നസിം, ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവരെ പ്രതികളാക്കി ആഗസ്ത് എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ മുന്‍ പോലിസുകാരന്‍ ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.

പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തുവെന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാല്‍, ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു. ഗോകുലിനെ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പിഎസ്‌സിയുടെ നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്റെ വിശദാംശങ്ങള്‍ പിഎസ്‌സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

Tags:    

Similar News