പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. ഇയാള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാവും അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിയുമാണ്.

Update: 2019-09-07 16:27 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി പി പി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. ഇയാള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാവും അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിയുമാണ്. പ്രണവാണ് പിഎസ്‌സി പരീക്ഷയിലെ കോപ്പിയടി ആസൂത്രണം ചെയ്തതെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും മൊഴി നല്‍കിയിരുന്നു. സുഹൃത്തായ പ്രണവിനെ സഹായിക്കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശമെന്നായിരുന്നു അറസ്റ്റിലായ മുന്‍ പോലിസുകാരന്‍ ഗോകുല്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.

പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയത്. പ്രണവ് പറഞ്ഞ പ്രകാരം ഒരാള്‍ ചോദ്യപേപ്പര്‍ എത്തിച്ചുവെന്നും സഫീറും താനും ചേര്‍ന്ന് ഉത്തരങ്ങള്‍ എസ്എംഎസായി അയച്ചുവെന്നും ഗോകുല്‍ വെളിപ്പെടുത്തി. സംസ്‌കൃത കോളജിന് മുന്നില്‍വച്ചാണ് ഉത്തരങ്ങള്‍ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താന്‍ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുല്‍ മൊഴി നല്‍കിയിരുന്നു. പ്രണവിനൊപ്പമാണ് ഒളിവില്‍ പോയതെന്നും ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍, ആരാണ് പ്രണവിനെ സഹായിക്കാനായി വിളിച്ചവരെന്ന് അറിയില്ലെന്നാണ് ഗോകുല്‍ പറഞ്ഞത്. പ്രണവിനെ ചോദ്യംചെയ്യുന്നതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രണവിനെ നേരത്തെ പിഎസ്‌സി വിജിലന്‍സ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. 

Tags:    

Similar News