അലന്റേയും താഹയുടേയും മോചനം: സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കും

അലന്‍- താഹ മനുഷ്യാവകാശ കമ്മിറ്റിയുടേതാണ് തീരുമാനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ഈ മാസം 12നാണ് പരിപാടി.

Update: 2020-02-04 10:45 GMT

തിരുവനന്തപുരം: അലനെയും താഹയെയും ഉടന്‍ വിമോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, എന്‍ഐഎ ഏറ്റെടുത്ത കേസ് അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും നിയമത്തിലെ 7(b) പ്രകാരം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കാന്‍ അലന്‍ - താഹ മനുഷ്യാവകാശ കമ്മിറ്റി തീരുമാനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ 12നാണ് പരിപാടി.

സംസ്ഥാനത്ത് യുഎപിഎ ചുമത്തിയ കേസുകള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതിയുടെയോ കുറ്റകൃത്യത്തിന്റെയോ പേരിലല്ലാത്ത അറസ്റ്റും യുഎപിഎ ചേര്‍ത്തുള്ള എഫ്ഐആറും ആദ്യത്തേതാണെന്നു വേണം കരുതാനെന്ന് അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്തു കുറ്റത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തതെന്ന ചോദ്യത്തിന് സര്‍ക്കാറിനു ഉത്തരമില്ല. ഏക വിശദീകരണം അവര്‍ മാവോവാദികളാണെന്നതാണ്. അതാവട്ടെ വിദ്യാര്‍ത്ഥികള്‍ നിഷേധിക്കുന്നു.

മാവോവാദികളാണെന്ന കാരണം മതിയാവില്ല ഒരാളെ പിടികൂടി യുഎപിഎ ചുമത്തി തടവില്‍ തള്ളാനെന്ന് ശ്യാം ബാലകൃഷ്ണന്‍ കേസിന്റെയും ബിനായക്സെന്‍ കേസിന്റെയും വിധികള്‍ വായിച്ചാലറിയാം. അപ്പോള്‍ പൊതുസമൂഹത്തിനു ബോധ്യമാകുന്ന ഒരു മറുപടി നല്‍കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടായിരുന്നു. അത് അവര്‍ നിര്‍വ്വഹിച്ചില്ല. ഈ സാഹചര്യത്തില്‍ അലനെയും താഹയെയും വിമോചിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. അവര്‍ക്കെതിരെരുള്ള യുഎപിഎ റദ്ദാക്കണം. അതിന് എൻഐഎ ഏറ്റെടുത്ത കേസ് തിരിച്ചു വാങ്ങണമെങ്കില്‍ എന്‍ഐഎ നിയമത്തിലെ 7(b) വകുപ്പു പ്രകാരം കേസ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ച് ആവശ്യപ്പെടണം.

ഈ ആവശ്യങ്ങളുന്നയിച്ചാണ് സാംസ്കാരിക കേരളം 12ന് തലസ്ഥാനത്ത് സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കുന്നത്. മനുഷ്യസ്നേഹവും ജനാധിപത്യ ബോധവും വറ്റിത്തീര്‍ന്നിട്ടില്ല കേരളത്തിലെന്ന് ഭരണകൂടം അറിയണം. ഈ പരിപാടിയുടെ വിജയത്തിന് എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടെ സമസ്ത തുറകളുടെയും പിന്തുണ വേണമെന്ന് ബി ആര്‍ പി ഭാസ്ക്കര്‍( കമ്മിറ്റി ചെയര്‍മാന്‍), ഡോ.പി കെ പോക്കര്‍, കെ അജിത (വൈസ് ചെയര്‍ പേഴ്സണ്‍സ്), ആസാദ് (കണ്‍വീനര്‍),എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവർ ആവശ്യപ്പെട്ടു.

Tags:    

Similar News