അഗസ്ത്യാര്‍കൂടത്തിലും സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധം

അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധിയുണ്ടാവുമെന്നാണ് കാണി വിഭാഗത്തിന്റെ വാദം.

Update: 2019-01-07 02:02 GMT

തിരുവനന്തപുരം: ശബരിമലയ്ക്കു പുറമെ അഗസ്ത്യാര്‍കൂടത്തിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരേ പ്രതിഷേധമുയരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ സ്ത്രീകള്‍ കയറിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ആദിവാസി മഹാസഭ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇതാദ്യമായി അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചിരുന്നു. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ഇതോടെ നിരവധി സ്ത്രീകളാണ് യാത്രയ്‌ക്കൊരുങ്ങി രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെയാണ് എതിര്‍പ്പുമായി അഗസ്ത്യാര്‍കൂടത്തിലെ ആദിവാസികളിലെ കാണി വിഭാഗം രംഗത്തെത്തിയത്. അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധിയുണ്ടാവുമെന്നാണ് കാണി വിഭാഗത്തിന്റെ വാദം. എന്നാല്‍ ഏതു വിധത്തിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുകയെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇതിനു മുമ്പും അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനത്തെ കാണി വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ ഒരു വിഭാഗം സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുമതി നല്‍കി ഉത്തരവിട്ടത്.

Tags:    

Similar News