പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന നദ്‌റുല്‍ ഹഫീള് നദ്‌വി അന്തരിച്ചു

Update: 2021-05-28 13:51 GMT

മലപ്പുറം: പ്രമുഖ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ മൗലാന നദ്‌റുല്‍ ഹഫീള് നദ്‌വി അന്തരിച്ചു. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ പ്രഗല്‍ഭ പണ്ഡിതനും മുതിര്‍ന്ന ഉസ്താദും ഡീന്‍ ഓഫ് ദി ഡിപാര്‍ട്ട്‌മെന്റ് ഓഫ് അറബിക് ലാംഗ്വേജും കൂടിയായിരുന്നു. ബിഹാറിലെ മള്‍മല്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം പിതാവില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുകയും അറബി, ഉറുദു, പാര്‍സി ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്തു. 1963ലാണ് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ പഠനം ആരംഭിച്ചത്. ഇസ്‌ലാമിക പഠനത്തില്‍ ആലിമിയ്യ, ഫളീല ബിരുദങ്ങള്‍ നേടി.

ശൈഖ് മുഹമ്മദ് അസ്ബാത്ത്, മൗലാനാ അബുല്‍ ഹസന്‍ നദ്‌വി, മൗലാനാ മുഹമ്മദ് അയ്യൂബ് അഅഌമി, മൗലാനാ മുഹദ് മന്‍സൂര്‍ നുഅ്മാനി, മൗലാനാ വജീഹുദ്ദീന്‍ നദ്‌വി, മൗലാനാ മുഹമ്മദ് ളുഹൂര്‍ നദ്‌വി, മൗലാനാ മുഹമ്മദ് റാബിഅ നദ്‌വി, മൗലാനാ സഈദു റഹ്മാന്‍ അഅഌമി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരാണ്. 1975 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനത്തിനായി ചേരുകയും അറബി സാഹിത്യത്തില്‍ പിജി കരസ്ഥമാക്കുകയും ചെയ്തു. 'ഇമാം സമഖ്ശരിയുടെ സംഭാവനകളെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ തീസീസ് അവതരിപ്പിച്ചിട്ടുണ്ട്.

നീണ്ടകാലത്തെ പഠനത്തിനുശേഷം അഅ്‌സംഗഡിലെ ജാമിഅത്തുറശാദില്‍ സേവനമനുഷ്ഠിച്ചു. അതിനുശേഷമാണ് നദ്‌വത്തുല്‍ ഉലമയിലേക്ക് തിരിച്ചെത്തിയത്. ലഖ്‌നോവില്‍നിന്ന് പുറത്തിറങ്ങുന്ന നിരവധി പ്രസിദ്ധീകരനങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ശാന്തപ്രകൃതം, വിശാലവും ആഴത്തിലുമുള്ള വായന, അവസാനിക്കാത്ത അന്വേഷണ ത്വര, അഗാധമായ വിജ്ഞാനം, വിനയം തുടങ്ങിയവ അദ്ദേഹത്തിന്റെ മഹത് ഗുണങ്ങളാണ്.

മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സന്തത സഹചാരിയും പ്രിയശിഷ്യനുമായിരുന്നു. പിന്നീട് മൗലാന റാബിഅ് നദ്‌വിയുടെ സന്തത സഹചാരിയായി മാറി. അവരുടെയൊക്കെ ഗ്രന്ഥരചനകളില്‍ ഒരു സഹായിയായി നദ്‌റുല്‍ ഹഫീസ് മൗലാന ഉണ്ടായിരുന്നു. പിന്നീട് സ്വന്തമായി നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ശക്തമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ മീഡിയയും അതിന്റെ സ്വാധീനവും' എന്നത് അദ്ദേഹത്തിന്റെ പ്രബല ഗ്രന്ഥങ്ങളില്‍ ഒന്നാണ്.

Tags: