വിലക്കയറ്റം: 'രാപ്പകല്‍ പ്രതിഷേധ ജ്വാലയുമായി ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി രാത്രി വൈകിയും തുടരുമെന്ന് എകെസിഎ ഭാരവാഹികള്‍ പറഞ്ഞു.ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രാജ്യത്തെ വ്യാപാര - വ്യവസായ മേഖലകളില്‍ ഒഴിവാക്കാനാകാത്ത ഒന്നായ കേറ്ററിംഗ് മേഖല വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സവാളയുടെയും ഉള്ളിയുടെയും മാത്രമല്ല, പാചകത്തിന് ഉപയോഗിക്കുന്ന ഏറിയ പങ്ക് പച്ചക്കറി - പലചരക്ക് വിഭവങ്ങളുടേയും മല്‍സ്യ മാംസാദികളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില കുത്തനെ കുടിയിരിക്കുകയാണ്

Update: 2019-12-13 12:46 GMT

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍(എകെസിഎ)ന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാപ്പകല്‍ പ്രതിഷേധജ്വാല സംഘടിപ്പിക്കുന്നു. മറൈന്‍ ഡ്രൈവില്‍ സംസ്ഥാനവ്യാപകമായുള്ളഎകെസിഎ അംഗങ്ങള്‍ അണിനിരക്കുമെന്ന്് എകെസിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി രാത്രി വൈകിയും തുടരുമെന്നും അവര്‍ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ലൈസന്‍സില്ലാതെ അനധികൃതമായി കേറ്ററിംഗ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക, ഭക്ഷ്യ മേഖലയെ സംരക്ഷിക്കുക, കേറ്ററിംഗ് വ്യവസായത്തെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുക, കേറ്ററിംഗ് വ്യവസായത്തെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധജ്വാല സംഘടിപ്പിക്കുന്നത്.

ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രാജ്യത്തെ വ്യാപാര - വ്യവസായ മേഖലകളില്‍ ഒഴിവാക്കാനാകാത്ത ഒന്നായ കേറ്ററിംഗ് മേഖല വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സവാളയുടെയും ഉള്ളിയുടെയും മാത്രമല്ല, പാചകത്തിന് ഉപയോഗിക്കുന്ന ഏറിയ പങ്ക് പച്ചക്കറി - പലചരക്ക് വിഭവങ്ങളുടേയും മല്‍സ്യ മാംസാദികളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില കുത്തനെ കുടിയിരിക്കുകയാണ്. ലക്ഷകണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ആശ്രിതരുമൊക്കെ ജീവിച്ച് പോകുന്ന സംസ്ഥാനത്തെ ഒരു വലിയ തൊഴിലിടമാണ് കാറ്ററിംഗ് മേഖല. കാറ്ററിംഗ് സ്ഥാപനങ്ങളിലും മറ്റുമായി ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ള ലക്ഷോപലക്ഷം തൊഴിലാളികളും സ്ഥാപന ഉടമകളും ഈ ഭീമമായ വിലക്കയറ്റത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ജീവിതം ദുരിതത്തിലായിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ഇതിനെല്ലാം പുറമെ കേറ്ററിംഗ്കാര്‍ക്കുള്ള സര്‍ക്കാര്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ നിരക്കുകള്‍, ഗ്യാസ്, വൈദ്യുതി നിരക്കുകള്‍ തുടങ്ങിയവയും താങ്ങാവുന്നതിനുമപ്പുറമാണ്. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള വേദനിപ്പിക്കുന്ന ആത്മഹത്യയുടെ വാര്‍ത്തകള്‍ ഏറെ വൈകാതെ കേറ്ററിംഗ് മേഖലയില്‍ നിന്നും കേള്‍ക്കേണ്ടിവരും. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കേറ്ററിംഗ് വ്യവസായത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എകെസിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.എകെസിഎ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ വര്‍ഗീസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിബി പീറ്റര്‍, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റോബിന്‍ കെ പോള്‍, ജില്ലാ സെക്രട്ടറി ഫ്രെഡി അല്‍മേഡ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags: