മുന്‍കരുതല്‍ അറസ്റ്റ്: പോലിസ് നടപടി ധിക്കാരമെന്ന് എസ്ഡിപിഐ

പോലിസ് ആരുടെയൊക്കെയോ ചട്ടുകമായി അധപ്പതിക്കുകയാണ്. നിയമപാലകരുടെ ഇത്തരം നെറികെട്ട നടപടികള്‍ നാട്ടില്‍ സുരക്ഷിതത്വമല്ല അരാജകത്വമാണ് സൃഷ്ടിക്കുക.

Update: 2019-07-31 02:56 GMT

കണ്ണൂര്‍: ചാവക്കാട് നടന്ന അക്രമത്തിന്റെ പേരുപറഞ്ഞ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, തളിപ്പറമ്പ, പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ എസ്ഡിപിഐ നേതാക്കളെയടക്കം അര്‍ധരാത്രി വീടുവളഞ്ഞ് മുന്‍കരുതല്‍ അറസ്റ്റുചെയ്ത പോലിസ് നടപടി ധിക്കാരപരമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ. എവിടെയെങ്കിലും എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടായാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പാര്‍ട്ടിയുടെ മറ്റു ജില്ലകളിലെ പ്രാദേശിക നേതാക്കളെ പോലും അറസ്റ്റുചെയ്യുകയെന്നത് കേട്ടുകേള്‍വിയില്ലാത്തതും വിചിത്രവുമാണ്.

പോലിസ് ആരുടെയൊക്കെയോ ചട്ടുകമായി അധപ്പതിക്കുകയാണ്. നിയമപാലകരുടെ ഇത്തരം നെറികെട്ട നടപടികള്‍ നാട്ടില്‍ സുരക്ഷിതത്വമല്ല അരാജകത്വമാണ് സൃഷ്ടിക്കുക. ഏതൊരു പ്രാദേശിക സംഭവത്തിന്റെ പേരിലും സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുകയാണ് ലക്ഷ്യമെങ്കില്‍ ജനകീയമായി പ്രതിരോധിക്കും. പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ഒരു യുവനേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത എംഎല്‍എയുടെ കാര്‍ പോലും കണ്ടെത്താനായില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് അക്രമികള്‍ക്ക് ഒത്താശചെയ്യുന്ന പോലിസ് അധികാരികളുടെ ഇരട്ടത്താപ്പിനെതിരേ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന പോലിസുകാര്‍ക്കെതിരേ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

Tags: