പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍

ഇത്തരം രീതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Update: 2019-08-29 12:01 GMT

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീടു നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യ സംസ്ഥാനത്തു ഉപയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത്തരം രീതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ രീതിയാണ് അവലംബിക്കാന്‍ നോക്കുന്നത്.

1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്‌കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക.

2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.

3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങള്‍ കൊണ്ടുതന്നെ) പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.

ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടത്.

പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും. സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യും. ചെന്നൈ ഐഐടി ഇത്തരം നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Tags:    

Similar News