പിപിഇ കിറ്റ്, പള്‍സ് ഓക്‌സീമീറ്റര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അമിതവില; 28 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

Update: 2021-05-29 19:24 GMT

തിരുവനന്തപുരം: പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍, തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുകയും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍ക്കുകയും ലൈസന്‍സില്ലാതെ ബിപി അപ്പാരറ്റസ്, ക്ലീനിക്കല്‍ തെര്‍മോ മീറ്റര്‍ തുടങ്ങിയവ വില്‍ക്കുകയും ചെയ്ത 28 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു.

ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊവിഡ് പ്രതിരോധത്തിനാവശ്യമായ 15 ഇനം സാധനങ്ങള്‍ക്ക് അവശ്യസാധന നിയന്ത്രണ നിയമപ്രകാരം പരമാവധി വില്‍പ്പനവില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിനേക്കാള്‍ ഉയര്‍ന്ന വില ഈടാക്കുകയായിരുന്നു. അവശ്യസാധന നിയമപ്രകാരം പരിശോധന നടത്താനും കേസ് രജിസ്റ്റര്‍ ചെയ്യാനും ലീഗല്‍ മെട്രോളജി വകുപ്പിനെ കൂടി ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

മെഡിക്കല്‍ ഷോപ്പുകള്‍, സര്‍ജിക്കല്‍സ് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 120 സ്ഥാപനങ്ങളില്‍ ഇന്ന് പരിശോധന നടത്തിയതായും വരും ദിവസങ്ങളിലും ആരോഗ്യമേഖല കേന്ദ്രീകരിച്ചുള്ള മിന്നല്‍പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ ടി വര്‍ഗീസ് പണിക്കര്‍ അറിയിച്ചു.

Tags:    

Similar News