ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഇന്നലെ കേരളത്തില്‍ 84.21 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വേനല്‍ രൂക്ഷമാവുകയും ഡാമുകളില്‍ വെള്ളം കുറയുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് എത്തിക്കുക.

Update: 2019-03-26 09:39 GMT

തിരുവനന്തപുരം: കൊടുംചൂടിനിടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഇന്നലെ കേരളത്തില്‍ 84.21 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡാണിത്. കഴിഞ്ഞയാഴ്ച 83.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതാണ് ഇതിനുമുമ്പുള്ള റെക്കോര്‍ഡ്. സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാന്‍ കാരണമായത്. കേരളം കൊടുംചൂടില്‍ വെന്തുരുകുമ്പോള്‍ വൈദ്യുതി ഉപഭോഗം കത്തിക്കയറുന്നതില്‍ വൈദ്യുതി ബോര്‍ഡ് ആശങ്കയിലാണ്. വേനലിനൊപ്പം ഡാമുകളിലെ ജലനിരപ്പും താഴുന്നതാണ് ആശങ്ക ഉളവാക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്യക്ഷമതയോടെ, കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

കനത്ത ചൂടിനൊപ്പം പരീക്ഷക്കാലവും ഉല്‍സവസീസണുമാണ് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്. വേനല്‍ രൂക്ഷമാവുകയും ഡാമുകളില്‍ വെള്ളം കുറയുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് എത്തിക്കുകയെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയും പകലും അപ്രഖ്യാപിത വൈദ്യുതി മുടക്കം അനുഭവപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ പരമാവധി ഉപയോഗം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രതിസന്ധി ഉണ്ടാവുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ചൂട് വര്‍ധിച്ച് ബാഷ്പീകരണ തോത് ഉയര്‍ന്നാല്‍ ഡാമുകളിലെ ജലനിരപ്പ് വീണ്ടും കുത്തനെ താഴും. മഴ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും ഉണ്ടാവുകയെന്നും കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നു.

Tags:    

Similar News