ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ ചുവടുകള്‍ തീര്‍ത്ത് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും

പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി എറണാകുളത്തിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് യൂനിറ്റി മാര്‍ച്ച് കടന്നുപോയത്. വൈകീട്ട് 4.30ന് എറണാകുളം കത്രിക്കടവില്‍നിന്ന് ആരംഭിച്ച യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ മാര്‍ച്ചിനെ ആശീര്‍വദിക്കാന്‍ കലൂര്‍- കത്രിക്കടന് റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി.

Update: 2020-02-17 12:46 GMT

കൊച്ചി: രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര വര്‍ഗീയഫാഷിസത്തിനും പോപുലര്‍ ഫ്രണ്ടിനെതിരേ നിരോധനത്തിന്റെ വാറോലയുമായെത്തുന്ന ഭരണകൂടങ്ങള്‍ക്കും കനത്ത താക്കീതുമായി യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും. 'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക' എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളത്ത് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിച്ചത്. 2007 ഫെബ്രുവരി 17ന് ബംഗളൂരുവില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സമാനസ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹികപ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.


സ്വാതന്ത്ര്യത്തിന്റെ കാവലാളാവുകയെന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഈവര്‍ഷത്തെ പോപുലര്‍ഫ്രണ്ട് ദിനാചരണം. പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി എറണാകുളത്തിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് യൂനിറ്റി മാര്‍ച്ച് കടന്നുപോയത്.വൈകീട്ട് 4.30ന് എറണാകുളം കത്രിക്കടവില്‍നിന്ന് ആരംഭിച്ച യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ മാര്‍ച്ചിനെ ആശീര്‍വദിക്കാന്‍ കലൂര്‍- കത്രിക്കടന് റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി.

 മാര്‍ച്ച് വീക്ഷിക്കുന്നതിനായി മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ പരിസരത്തെ കെട്ടിടങ്ങളുടെ മുകളിലും മറ്റുമായി നിരവധിയാളുകള്‍ സ്ഥാനംപിടിച്ചു. തക്ബീര്‍ വിളികളോടെയാണ് എറണാകുളത്തെ ജനത യൂനിറ്റി മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചത്. രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ സംഘപരിവാര ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ അണിചേരാന്‍ എറണാകുളത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഉച്ചയോടെ കൊച്ചി നഗരം ജനനിബിഡമായി. കൃത്യം 4.30ന് യൂനിറ്റി മാര്‍ച്ച് തുടങ്ങുന്നതിനുള്ള അറിയിപ്പ് മൈക്കിലൂടെ ലഭിച്ചതോടെ ബാനറിന് പിന്നില്‍ അഞ്ച് നിരകളിലായി അണിനിരന്ന കേഡറ്റുകള്‍ കത്രിക്കടവില്‍നിന്ന് ചുവടുകള്‍ വച്ചുതുടങ്ങി.


യൂനിറ്റി മാര്‍ച്ചിന് കൊഴുപ്പേകാന്‍ ബാന്റ് മേളങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. പരേഡ് കേഡറ്റുമാര്‍ക്ക് പിന്നിലായി ബാനറിന് കീഴിലായിരുന്നു പതിനായിരങ്ങളുടെ ബഹുജനറാലി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന, ജില്ലാ നേതാക്കള്‍ അടങ്ങുന്നതായിരുന്നു റാലിയുടെ മുന്‍നിര. സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയില്‍ ജനിച്ചവര്‍ ഇന്ത്യയില്‍തന്നെ മരിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കാളികളായത്. നക്ഷത്രാങ്കിത പതാകയ്ക്ക് കീഴില്‍ അണിനിരന്ന പതിനായിരങ്ങള്‍ സംഘപരിവാര ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്.


മുഷ്ടിചുരുട്ടി ആവേശത്തോടെ വാനിലേക്കുയര്‍ന്ന മുദ്രാവാക്യങ്ങള്‍ സാമ്രാജ്യത്വത്തിനും ആര്‍എസ്എസ് തേര്‍വാഴ്ചയ്ക്കുമെതിരായ മുന്നറിയിപ്പുകൂടിയായിരുന്നു. സംഘപരിവാര ഭീകരതയുടെ തനിനിറം തുറന്നുകാട്ടുന്നതും സാമ്രാജ്യത്വത്തെതിരായ ചെറുത്തുനില്‍പ്പ് വരച്ചുകാട്ടുന്നതുമായ നിശ്ചലദൃശ്യങ്ങള്‍ ഏവരുടെയും കണ്ണുതുറപ്പിക്കുന്നതായി. സുഗമമായ വാഹനത്തിന് സൗകര്യമൊരുക്കി പൊതുജനസഞ്ചാരത്തിന് തടസ്സങ്ങളുണ്ടാക്കാതെ ചിട്ടയോടെയും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് മാര്‍ച്ച് കടന്നുപോയത്. മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ പോലിസ് ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വളണ്ടിയര്‍മാര്‍ നടത്തിയ സേവനം ഏവരുടേയും പ്രശംസപിടിച്ചുപറ്റി.


കീഴൊതുങ്ങാന്‍ മനസ്സില്ലാത്ത വിപ്ലവയൗവനങ്ങളുടെ ചടുലമായ ചുവടുവയ്പ്പുകള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന് ഒഴുകിയെത്തിയ സ്ത്രീകളുടെ സാന്നിധ്യം പുതിയ അനുഭവമായി. എറണാകുളത്തിന്റെ നഗരവീഥികളെ ഇളക്കിമറിച്ച മാര്‍ച്ച് കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് സമാപിച്ചത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ നാസറുദ്ദീന്‍ എളമരം, സി പി മുഹമ്മദ് ബഷീര്‍, കെ എച്ച് നാസര്‍, എ അബ്ദുല്‍ സത്താര്‍, പി കെ ലത്തീഫ്, എം കെ അഷ്‌റഫ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. യൂനിറ്റി മാര്‍ച്ചിന് സമാപനംകുറിച്ച് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം ആരംഭിച്ചു.



Tags: