സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് വൈകാന്‍ സാധ്യത

പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഹിയറിങും തെളിവെടുപ്പും സമ്പര്‍ക്കം ഒഴിവാക്കി നടത്തുക വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളാനും സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Update: 2020-05-13 02:15 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകാന്‍ സാധ്യതയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവുണ്ടായാലുടന്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നു കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പേരു ചേര്‍ക്കാന്‍ ആഗസ്ത് ആദ്യവാരം അവസരം നല്‍കും. ഇതുവരെ 11 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. 2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഹിയറിങും തെളിവെടുപ്പും സമ്പര്‍ക്കം ഒഴിവാക്കി നടത്തുക വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളാനും സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംവരണ സ്ഥാനങ്ങള്‍ നിശ്ചയിക്കണം, സംവരണ വാര്‍ഡ്/ഡിവിഷന്‍ തിരിക്കണം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കണം, വരണാധികാരികളെ നിയോഗിക്കണം എന്നിങ്ങനെ പട്ടിക പ്രസിദ്ധീകരിച്ചാലും നിരവധി ജോലികള്‍ ബാക്കിയുണ്ട്.

അതേസമയം, കൊവിഡ് ഭീതി പൂര്‍ണമായും ഒഴിവായിട്ട് തിരഞ്ഞെടുപ്പിന് കഴിയില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിവരും. നവംബര്‍ 12നു മുമ്പ് പുതിയ ഭരണസമിതിക്കു ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥഭരണം നടപ്പാക്കേണ്ടിവരും. അത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കമ്മീഷന്‍.

കൊവിഡ് ഭീതിയില്‍ മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും എത്തിയവര്‍ അപേക്ഷിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. പേരു ചേര്‍ക്കാന്‍ മൂന്നു തവണയെങ്കിലും അവസരം നല്‍കാറുണ്ട്. ഒരു തവണ അവസരം നല്‍കി പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനി ഒരവസരം നല്‍കാനേ സമയമുള്ളൂ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് സപ്തംബറില്‍ അന്തിമപട്ടിക പ്രസിദ്ധീകരിക്കണം. സാധാരണ ഗതിയില്‍ സപ്തംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യമോ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ.

Tags:    

Similar News