പോലിസില്‍ വന്‍ അഴിച്ചുപണി; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരം താഴ്ത്തി.

Update: 2019-02-02 07:47 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ പോലിസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി. കേരളാ പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ തരംതാഴ്ത്തുന്നത്. കെ എസ് ഉദയഭാനു, എസ് വിജയന്‍, എസ് അശോക് കുമാര്‍, എം ഉല്ലാസ് കുമാര്‍, എ വിപിന്‍ദാസ്, വി ജി രവീന്ദ്രനാഥ്, എം കെ മനോജ് കബീര്‍, ആര്‍ സന്തോഷ്‌കുമാര്‍, ഇ സുനില്‍ കുമാര്‍, ടി അനില്‍കുമാര്‍, കെ എ വിദ്യാധരന്‍ എന്നിവരെയാണ് തരംതാഴ്ത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലമാറ്റം ലഭിക്കുകയും ചെയ്തു. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ താല്‍ക്കാലികമായി സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. ഇവരെ തരംതാഴ്ത്തിയതോടെ ഒഴിവുവന്ന ഡിവൈഎസ്പി തസ്തികകളിലേക്കാണ് 11 സിഐമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പോലിസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. സസ്‌പെന്‍ഷനടക്കം ശിക്ഷാനടപടി നേരിട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാന്‍ നിയമഭേദഗതി നിലവില്‍ വന്നതോടെ കേരള പോലിസ് നിയമത്തിലെ 101ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ശിക്ഷാനടപടി നേരിട്ട 12 പേരെ തഴംതാഴ്ത്താനായിരുന്നു ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

    എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട എം ആര്‍ മധുബാബു ട്രൈബ്യൂണലില്‍ പോയി സ്‌റ്റേ വാങ്ങിയതിനാല്‍ തരംതാഴ്ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ച 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് 12 പേരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റം.




Tags: