അശാസ്ത്രീയമായ സ്ഥാനക്കയറ്റം; പോലിസ് സേനയിൽ അതൃപ്തി പുകയുന്നു

ഗ്രേഡിങ്ങിലൂടെ പദവിമാറ്റം ലഭിച്ചവര്‍ക്ക് സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലംമാറ്റവും നൽകിയതാണ് പരാതിക്ക് അടിസ്ഥാനം. എഎസ്ഐ, എസ്ഐ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരെ ജില്ലയ്ക്ക് പുറത്ത് നിയമിക്കുന്നതായാണ് പരാതി.

Update: 2019-06-30 06:53 GMT

തിരുവനന്തപുരം: കേരളാ പോലിസിലെ സ്ഥാനക്കയറ്റത്തിൽ സേനയ്ക്കുള്ളിൽ അതൃപ്തി പുകയുന്നു. സ്ഥാനക്കയറ്റം  അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ഗ്രേഡിങ്ങിലൂടെ പദവിമാറ്റം ലഭിച്ചവര്‍ക്ക് സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലംമാറ്റവും നൽകിയതാണ് പരാതിക്ക് അടിസ്ഥാനം.

എഎസ്ഐ, എസ്ഐ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരെ ജില്ലയ്ക്ക് പുറത്ത് നിയമിക്കുന്നതായാണ് പരാതി. സീനിയോറിറ്റിയുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ കുരുങ്ങി എട്ടുവര്‍ഷമായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റം മേയ് അവസാനവാരമാണ് പുനരാരംഭിച്ചത്. ഗ്രേഡിങ് വഴി എഎസ്ഐ, എസ്ഐ പദവി ലഭിച്ചവര്‍ക്ക് പോലും സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഇതേ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ജില്ലയ്ക്ക് പുറത്താണ് നിയമനം ലഭിക്കുന്നത്. റെയ്ഞ്ച് തലത്തില്‍ സ്ഥാനക്കയറ്റം നിര്‍ണ്ണയിക്കുന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ എസ്ഐ തസ്തിക വരെയുള്ള സ്ഥാനക്കയറ്റം ജില്ലാ അടിസ്ഥാനത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്ഥാനക്കയറ്റത്തോടൊപ്പം ജില്ലയ്ക്ക് പുറത്തേക്കു സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ മക്കളുടെ പഠനം ഉള്‍പ്പെടെ താളംതെറ്റുന്നതായും പരാതിയുണ്ട്. സ്ഥാനക്കയറ്റ ഉത്തരവ് പുറത്തുവരുമ്പോഴേക്കും പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങിയിരുന്നു. സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെ വിലങ്ങുതടിയായതോടെ ഭൂരിഭാഗം പേര്‍ക്കും കുടുംബത്തെ കൂടെനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്.

നിലവില്‍ പോലിസ് ജില്ലാ അടിസ്ഥാനത്തിലാണ് സിപിഒ, സീനിയര്‍ സിപിഒ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇതേ മാതൃകയിലോ റവന്യൂ ജില്ലാ അടിസ്ഥാനത്തിലോ എഎസ്ഐ, എസ്ഐ തസ്തികകളിലേക്കും സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലിസ് റെയിഞ്ചില്‍ ഒഴിവുവരുന്നതിന് അനുസരിച്ചാണ് തസ്തിക പുനര്‍നിര്‍ണയിച്ച് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇപ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ തസ്തിക മുതല്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം നിര്‍ണയിക്കുന്നത്. ഇതിനെതിരേ സേനയില്‍ ശക്തമായ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ കേരളാ പോലിസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വര്‍ഷങ്ങളായി പ്രമോഷന്‍ മുടങ്ങിയ സാഹചര്യത്തിൽ പോലിസില്‍ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലും ഗ്രേഡിങ്ങിലൂടെയുള്ള പദവി മാറ്റത്തിന് സേനയില്‍ വന്‍സ്വീകാര്യത ലഭിച്ചിരുന്നു. 15 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സിവില്‍ പോലിസ് ഓഫീസര്‍മാര്‍ക്ക് സീനിയര്‍ സിപിഒ, 22 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് എഎസ്ഐ, 27 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് എസ്ഐ പദവിയുമാണ് ഗ്രേഡിങ് സമ്പ്രദായത്തിലൂടെ ലഭിച്ചത്. അതേസമയം, ഇവരുടെ സര്‍വീസ് ബുക്കില്‍ തസ്തിക പുനര്‍നിര്‍ണയിക്കാത്തത് കാരണം ഗ്രേഡിങ് വഴി മറ്റ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

Tags:    

Similar News