പത്തനംതിട്ട സ്‌റ്റേഷനില്‍ പോലിസുകാരുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു

മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ എസ്പിയുടെ ഉത്തരവ്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

Update: 2019-01-01 16:03 GMT




 


പത്തനംതിട്ട: പുതുവല്‍സര ലഹരിയില്‍ സ്‌റ്റേഷനില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസിന്റെ അഴിഞ്ഞാട്ടം. പരാതി നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റിന്റെ കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ എസ്പിയുടെ ഉത്തരവ്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ന്നു നടത്തിയ സ്റ്റിങ് കാമറ ഓപറേഷനില്‍ സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളുടെ കൂമ്പാരം. പത്തനംതിട്ട സ്‌റ്റേഷനില്‍ പോലിസുകാര്‍ അഴിഞ്ഞാടിയപ്പോള്‍ അതിന്റെ തിക്തഫലം രണ്ടര മണിക്കൂര്‍ അനുഭവിക്കേണ്ടിവന്നത് മീഡിയവണ്‍ ലേഖകന്‍ പ്രേംലാല്‍ പ്രബുദ്ധന്‍, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബോബി എബ്രഹാം എന്നിവര്‍ക്കാണ്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ മീഡിയവണ്‍ ചാനല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കാപ്പില്‍ ആര്‍ക്കേഡിന് മുന്നില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഈ കെട്ടിടപരിസരത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഒരു കുടുംബം തൊട്ടടുത്ത മരണവീട്ടില്‍ പോയിരുന്നു. വെട്ടിപ്പുറം സ്വദേശികളായ ദമ്പതികളും കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ തിരികെ എത്തിയപ്പോള്‍ കാറിന് കേടുപാട് വരുത്തിയതാണ് കണ്ടത്. നാലു ടയറും കുത്തിക്കീറിയിരുന്നു. വൈപ്പര്‍ ഒടിച്ചു കളഞ്ഞു. ഗ്ലാസിന്റെ റെയിന്‍ ഗാര്‍ഡ് തല്ലിയൊടിച്ചു. പകച്ചു പോയ കുടുംബം തൊട്ടടുത്ത മീഡിയ വണ്‍ ഓഫിസില്‍ വെളിച്ചംകണ്ട് അവിടെ എത്തി അന്വേഷിച്ചു. പ്രേംലാല്‍ മാത്രമാണ് ഈ സമയം ഓഫിസിലുണ്ടായിരുന്നത്. ആരാണ് കാര്‍ കേടുവരുത്തിയതെന്ന് അറിയാമോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് അറിയില്ലെന്ന് പ്രേംലാല്‍ മറുപടി നല്‍കി.

കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഏതാനും യുവാക്കളുണ്ടെന്ന് മനസ്സിലാക്കി കുടുംബം അവിടേക്ക് പോവുകയും അവരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഈ സമയം രണ്ടുപേര്‍ കൂടി പുറത്തുനിന്ന് വന്ന് ബഹളം കൂട്ടി. ഇതിനെതിരേ പ്രേംലാല്‍ പ്രതികരിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിഐ സുനില്‍കുമാറിനെ വിളിച്ച് വിവരമറിയിച്ചു. ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ്‌ഐ യു ബിജുവും പൊലീസുകാരും സംഭവസ്ഥലത്തു വന്നു. പരാതിക്കാരും കെട്ടിടത്തിനുള്ളിലുള്ളവരെല്ലാവരും സ്‌റ്റേഷനില്‍ വന്ന് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പോലിസ് സംഘം മടങ്ങി. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് നടന്നുപോയ പ്രേംലാലിനെ പരാതിക്കാര്‍ക്കൊപ്പം വന്നവര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് മുഖത്തും കഴുത്തിലും ആഴത്തില്‍ പാടുണ്ടായി. തന്നെ മര്‍ദിച്ചവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പ്രേംലാല്‍ പറഞ്ഞു. മര്‍ദനമേറ്റ പ്രേംലാല്‍ സ്്‌റ്റേഷനിലെത്തി പോലിസുകാരോട് തന്നെ മര്‍ദിച്ചെന്ന് പറഞ്ഞു. ഇതോടെ അസഭ്യം വിളിയുമായി പോലിസുകാര്‍ ഇയാള്‍ക്കെതിരേ തിരിഞ്ഞു. മഫ്ത്തിയിലുണ്ടായിരുന്ന പോലിസുകാര്‍ പ്രേമിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് പോലിസ് സ്‌റ്റേഷനിലെത്തിയ ബോബി എബ്രഹാമിനോട് തട്ടിക്കയറുകയും കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഒടുവില്‍ വീട്ടിലായിരുന്ന സിഐ സുനില്‍കുമാര്‍ സ്ഥലത്തു വന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷയായത്.


 





Tags: